career

2024ന്റെ ആദ്യപകുതിയിൽ 80,000 പേർക്ക് തൊഴിൽ വിസ അനുവദിച്ച് ജർമനി. 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഇത്രയും വിസ അനുവദിച്ചതെന്ന് ഫെഡറൽ ഫോറിൻ ഓഫീസ് ജർമൻ പ്രസ് ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3000 കൂടുതൽ വിസകളാണ് ജർമനി അനുവദിച്ചിരിക്കുന്നത്. ഇതിൽ പകുതിയും ഡോക്‌ടർ, എഞ്ചിനീയർ ഉൾപ്പെടെയുള്ള സ്‌കിൽഡ് ജോലികൾക്കാണ്.

തൊഴിലാളികളുടെ ദൗർലഭ്യം കാരണമാണ് രാജ്യം ഇത്രയും പേർക്ക് വിസ അനുവദിക്കുന്നത്. രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് നേരിടുന്നതായി ജർമൻ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ വിശകലനത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വർഷം 5,70,000 ഒഴിവുകൾ രാജ്യത്ത് നികത്തപ്പെടാതെ ഉണ്ടായിരുന്നു. ഇത് രാജ്യത്തിന് വളരെ വലിയ രീതിയിലുള്ള സാമ്പത്തിക ഇടിവാണ് ഉണ്ടാക്കുന്നതെന്നും ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശകലനത്തിൽ വ്യക്തമായി.

ഗതാഗതം, ആരോഗ്യം, നിർമാണം, എഞ്ചിനീയറിംഗ്, ഐടി തുടങ്ങി ജർമനിയിലെ നിരവധി മേഖലകളിൽ തൊഴിലാളികളെ ആവശ്യമാണ്. വരും വർഷങ്ങളിൽ രാജ്യത്ത് ഇനിയും തൊഴിലാളി ക്ഷാമം വർദ്ധിക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്‌മെന്റ് റിസർച്ചിന്റെ പഠനത്തിൽ തെളിഞ്ഞിട്ടുള്ളത്. ഈ പഠനം പരാമർശിച്ചുകൊണ്ട്, 2035 ആകുമ്പോൾ രാജ്യത്ത് 70 ലക്ഷം ജീവനക്കാരെ ആവശ്യമായി വരുമെന്ന് ജർമൻ തൊഴിൽ മന്ത്രി ഹുബെർട്ടസ് ഗെയ്‌ൽ നേരത്തേ പറഞ്ഞിരുന്നു. കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ജർമനി ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.