ഇമിഗ്രേഷൻ നയങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കാനഡ. അനുഭവസമ്പത്തും പരിശീലനവും ലഭിച്ചിട്ടുള്ള തൊഴിലാളികൾക്കായി സ്ഥിരമായ സാമ്പത്തിക ഇമിഗ്രേഷൻ ക്ളാസ് നിർമിക്കാൻ ആലോചിക്കുന്നുവെന്നാണ് ഇമിഗ്രേഷൻ റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) അറിയിക്കുന്നത്.
നൈപുണ്യവും അനുഭവപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസാവകാശം അനുവദിച്ചുകൊണ്ട് സാമ്പത്തിക ഇമിഗ്രേഷൻ സംവിധാനത്തെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് ഐആർസിസി വ്യക്തമാക്കുന്നു. കാനഡയുടെ ട്രെയിനിംഗ്, എഡ്യുക്കേഷൻ, എക്‌സ്‌പീരിയൻസ് ആന്റ് റെസ്‌പോൺസിബിലിറ്റീസ് (ടിഇഇആർ) സംവിധാനം വഴിയാണ് ഇത് നടപ്പിലാക്കുന്നത്. കാനഡയിൽ നിന്ന് തൊഴിലിൽ അനുഭവസമ്പത്ത് നേടിയിട്ടും സ്ഥിരതാമസം വെല്ലുവിളിയാവുന്ന അനേകം പ്രവാസികൾക്ക് ഇത് നേട്ടമാവും. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താമസിയാതെ കാനഡ ഗസറ്റിന്റെ ഒന്നാം ഭാഗത്തിൽ പങ്കുവയ്ക്കും. ശേഷം രണ്ടാം ഭാഗത്തിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ടിഇഇആർ
നാഷണൽ ഒക്യുപേഷൻ ക്ളാസിഫിക്കേഷൻ (എൻഒസി) സംവിധാനത്തിന്റെ പുതുക്കിയ രൂപമാണ് ടിഇഇആർ. 2002ലാണ് ഇത് അവതരിപ്പിച്ചത്. ഈ സംവിധാനത്തിൽ വിവിധ തൊഴിലുകളെ വ്യത്യസ്ത ടിഇഇആർഎസുകളായി അഞ്ചായി തരംതിരിക്കുന്നു.
ടിഇഇആർ 0: മാനേജ്‌മെന്റ് തൊഴിലുകൾ (അഡ്വർട്ടൈസിംഗ്, മാർക്കറ്റിംഗ്, പബ്ലിക് റിലേഷൻസ് മാനേജർമാർ, ഫിനാൻഷ്യൽ മാനേജർമാർ)
ടിഇഇആർ 1: സർവകലാശാല ബിരുദം ആവശ്യമുള്ള ജോലികൾ (സാമ്പത്തിക ഉപദേഷ്ടാക്കൾ, സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർ)
ടിഇഇആർ 2: കോളേജ് ഡിപ്ലോമ, രണ്ടോ അതിലധികമോ വർഷത്തെയോ അപ്രന്റിസ്ഷിപ്പ് പരിശീലനം അല്ലെങ്കിൽ സൂപ്പർവൈസറി റോളുകൾ ആവശ്യമുള്ള തൊഴിലുകൾ (കമ്പ്യൂട്ടർ നെറ്റ്‌വർക്ക്, വെബ് ടെക്‌നീഷ്യൻമാർ, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റുകൾ)
ടിഇഇആർ 3: കോളേജ് ഡിപ്ലോമ, രണ്ട് വർഷത്തിൽ താഴെയുള്ള അപ്രന്റിസ്ഷിപ്പ് പരിശീലനം അല്ലെങ്കിൽ ആറ് മാസത്തിൽ കൂടുതൽ തൊഴിൽ പരിശീലനം ആവശ്യമായുള്ള ജോലികൾ (ബേക്കേർ, ഡെന്റൽ അസിസ്റ്റന്റുമാർ, ഡെന്റൽ ലബോറട്ടറി അസിസ്റ്റന്റുമാർ)
ടിഇഇആർ 4: ഹൈസ്‌കൂൾ ഡിപ്ലോമയോ ആഴ്ചകളോളം തൊഴിൽ പരിശീലനമോ ആവശ്യമായ ജോലികൾ (ഹോം ചൈൽഡ് കെയർ പ്രൊവൈഡർമാർ, റീട്ടെയിൽ സെയിൽസ്‌പേഴ്‌സൺമാർ, വിഷ്വൽ മർച്ചൻഡൈസർമാർ)
ടിഇഇആർ 5: ഔപചാരിക വിദ്യാഭ്യാസം ആവശ്യമില്ലാത്ത ജോലികൾ (ലാൻഡ്സ്കേപ്പിംഗ്, ഗ്രൗണ്ട് മെയിന്റനൻസ് തൊഴിലാളികൾ, ഡെലിവറി സർവീസ് ഡ്രൈവർമാർ, ഡോർ ടു ഡോർ ഡിസ്ട്രിബ്യൂട്ടർമാർ)
നിലവിൽ എക്‌സ്‌പ്രസ് എൻട്രി പോലുള്ള ഫെഡറൽ ഇക്കണോമിക് ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്ക് ടിഇഇആർ 4ഉം 5ഉം യോഗ്യമല്ല. അതിനാൽ തന്നെ ഈ ജോലികൾ ചെയ്യാൻ കാനഡയിലെത്തുന്നവർക്ക് സ്ഥിരതാമസം വെല്ലുവിളിയാവുന്നു. കാനഡയിലെത്തുന്ന കൂടുതൽപ്പേരും താത്‌കാലിക താമസക്കാരായാണ് എത്തുന്നത്.
കാനഡയുടെ നിലവിലെ തൊഴിൽ വിപണി പ്രകാരം ഇവരിൽ കൂടുതൽപ്പേരും എത്തിപ്പെടുന്നത് കുറഞ്ഞ വൈദഗ്ധ്യമുള്ള (ലോ സ്‌കിൽഡ്) തൊഴിലുകളിലാണ്. താമസം, ഭക്ഷണവിതരണം, റീട്ടൈൽ വ്യാപാരം തുടങ്ങിയ മേഖലകളിലേയ്ക്ക് താത്‌കാലിക വിദേശ തൊഴിലാളികൾ, അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ എന്നിവർ കൂടുതലായി ആകർഷിക്കപ്പെടുന്നതായി പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ടിഇഇആർ 4, 5 ജോലികളിൽ കനേഡിയൻ പ്രവൃത്തിപരിചയമുള്ള വിദേശ പൗരന്മാർക്ക് സ്ഥിരതാമസം ലഭ്യമാക്കാൻ എളുപ്പത്തിൽ സഹായിക്കുന്നതാണ് പുതിയ ഭേദഗതി.
പുതിയ ഭേദഗതി ഇന്ത്യക്കാരെ എങ്ങനെ ബാധിക്കുന്നു
2024ലെ കണക്കുകൾ പ്രകാരം കനേഡിയൻ പെർമനന്റ് റെസിഡൻസി (പിആർ) സ്വന്തമാക്കുന്ന ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലാണ്. 2024ൽ ഏകദേശം 65,000 പിആറുകൾ ഇന്ത്യൻ പൗരന്മാർക്ക് നൽകിയിട്ടുണ്ടെന്ന് ഐആർസിസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ കുടിയേറ്റക്കാർ സാധാരണയായി എക്സ്പ്രസ് എൻട്രി, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപി) അല്ലെങ്കിൽ ഫാമിലി സ്പോൺസർഷിപ്പ് എന്നിവയാണ് ഉപയോഗിക്കുന്നത്. പുതിയ ടിഇഇആർ സംവിധാനത്തിലൂടെ വിവിധ മേഖലകളിലെ കൂടുതൽ ഇന്ത്യൻ തൊഴിലാളികൾക്ക് താത്കാലികത്തിൽ നിന്ന് സ്ഥിരതാമസത്തിലേക്ക് മാറുന്നത് എളുപ്പമാകും.