nalinapathi

മുഹമ്മ: കർക്കടകം രാമായണപാരായണത്തിന്റെയും ആയുർവേദ ചികിത്സയുടെയും കാലമാണ്. മഴയും തണുപ്പും നിറഞ്ഞ കർക്കടകത്തിലെ മരുന്നുകഞ്ഞിയാണ് മലയാളികളുടെ ആരോഗ്യ രഹസ്യമെന്ന് പറയാം. അതേസമയം,​മരുന്നുകഞ്ഞി അഥവ കർക്കടകക്കഞ്ഞി തയ്യാറാക്കാൻ നേരെ കടയിൽ പോയി റെഡിമെയ്ഡ് കൂട്ടുവാങ്ങുന്ന കാലം കൂടിയാണിത്. അല്ലെങ്കിൽ പച്ച മരുന്നുകടയിലേക്ക് പോകും. എന്നാൽ,​ ഇവിടെയൊന്നും പോകാതെ സ്വന്തം വീട്ടുവളപ്പിൽ നിന്ന് പച്ചമരുന്നുകൾ ശേഖരിച്ച് വർഷങ്ങളായി കർക്കടകക്കഞ്ഞി തയ്യാറാക്കുന്ന ഒരുവീട്ടമ്മയുണ്ട്,​ മുഹമ്മ നാലുപുരയ്ക്കൽ നളിനപതി.

എല്ലാ കർക്കടകത്തിലും വീട്ടുവളപ്പിൽ നിന്ന് ശേഖരിച്ച പച്ച മരുന്നുകളും ഉലുവയും ചുക്കും ആശാളിയും പശുവിൻ നെയ്യും ചേർത്ത് കഞ്ഞി തയ്യാറാക്കി കുടുംബാംഗങ്ങൾ ഉൾപ്പടെ എല്ലാവർക്കും നളിനപതി നൽകാറുണ്ട്.

കർക്കടകക്കഞ്ഞിക്ക് ആവശ്യമായ കുറുന്തോട്ടി, തഴുതാമ,കീഴാർ നെല്ലി, തുമ്പ,​ കുടകൻ,​ തുളസി, പനിക്കൂർക്ക,ആടലോടകം,നിലപ്പന, കൊതിപ്പുല്ല് എന്നിവ കൂടാതെ ദശപുഷ്പങ്ങളും ആരോഗ്യ വകുപ്പ് മുൻ ജീവനക്കാരിയായ നളിനപതിയുടെ ഒരേക്കർ വരുന്ന വീട്ടുവളപ്പിൽ തഴച്ചുവളരുന്നുണ്ട്.തെങ്ങാണ് പ്രധാന കൃഷിയെങ്കിലും പച്ചക്കറിയും കിഴങ്ങ് വർഗങ്ങളുമെല്ലാം ഈ തൊടിയിലുണ്ട്. ഇതിന്റെയെല്ലാം പരിപാലനവും നളിനപതി ഒറ്റയ്ക്കാണ്.

ബാലസാഹിത്യകാരനായ ഭർത്താവ് മുഹമ്മ രവീന്ദ്രനാഥ്, മക്കളായ ആരോഗ്യവകുപ്പ് ജീവനക്കാരി ജിത,​ സ്കൂൾ അദ്ധ്യാപികയായ ജയ എന്നിവർ അടങ്ങുന്നതാണ് നളിനപതിയുടെ കുടുംബം. എന്നാൽ,​ ഇപ്പോൾ നളിനപതിയും ഭർത്താവുമാണ് വീട്ടിലുള്ളത്.

പനിപിടിച്ചാൽ പറമ്പിലേക്ക്

പരിസരത്ത് ആർക്കെങ്കിലും പനിപിടിച്ചാൽ നേരെ വരുന്നത് നളിനപതിയുടെ നാലു പുരയ്ക്കലിലെ വീട്ടുപറമ്പിലേക്കാണ്. അവിടെ നിന്ന് ശേഖരിച്ച പച്ച മരുന്നുകൾ കൊണ്ട് ആവി പിടിക്കുന്നതോടെ അവരുടെ പനി പമ്പകടക്കുകയാണ് പതിവ്. കൃഷിക്കും ജോലിത്തിരക്കിനിടയിലും പുസ്തക വായന നളിനപതി മുടക്കാറില്ല. മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിലും ലൈബ്രറി കൗൺസിലിന്റെ താലൂക്ക് തലത്തിലും സംഘടിപ്പിച്ച വായനാമത്സരങ്ങളിൽ ഉൾപ്പടെ നിരവധി സമ്മാനങ്ങൾ ഈ വീട്ടമ്മയെ തേടി എത്തിയിട്ടുണ്ട്.

..........................................................................

പച്ച മരുന്നുകളെക്കുറിച്ചും അടുക്കള വൈദ്യത്തെക്കുറിച്ചും പുതിയ തലമുറ അജ്ഞരാണ്.

അവ പരിചയപ്പെടുത്തിക്കൊടുക്കേണ്ടത് നമ്മുടെ ആയുർവേദ പൈതൃകത്തിന് അത്യാവശ്യമാണ്

- നളിനപതി