naga-panchami

നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് ഇന്ത്യയിലെ ഹിന്ദുക്കൾ നാഗപഞ്ചമി ആഘോഷിക്കുന്നത്. എല്ലാ വർഷവും ശ്രാവണ മാസത്തിലാണ് നാഗപഞ്ചമി ആചരിക്കുന്നത്. ശിവനെയും സർപ്പത്തെയും ആരാധിക്കുന്നതിന് ഏറ്റവും നല്ല മാസമായാണ് ശ്രാവണ മാസത്തെ കണക്കാക്കുന്നത്.

ഈ വർഷം നാഗപഞ്ചമി ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ചയാണ് ആഘോഷിക്കുന്നത്. പഞ്ചമി തിഥി ആരംഭിക്കുന്നത് ഓഗസ്റ്റ് ഒമ്പതിന് പുലർച്ചെ 5.30നാണ്. പഞ്ചമി തിഥി അവസാനിക്കുന്നത് ഓഗസ്റ്റ് 10ന് രാവിലെ 7.48നുമാണ്. ഓഗസ്റ്റ് ഒമ്പതിന് രാവിലെ അഞ്ച് മുതൽ എട്ട് വരെ നാഗത്തെ ആരാധിക്കുന്നത് ഐശ്വര്യം നൽകും.

നാഗപഞ്ചമി നാളിൽ നാഗദെെവത്തിന് പാല് നിവേദിക്കുന്നത് വളരെ ശുഭകരമാണ്. ഇതോടൊപ്പം ഈ ദിവസം നാഗദേവതയെ യഥാവിധി ആരാധിക്കുകയും ചെയ്യുക. ഈ നാളിൽ നാഗദെെവത്തെ ആരാധിച്ചാൽ സർപ്പദോഷത്തിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

നാഗപഞ്ചമി നാളിൽ നാഗദെെവത്തിന് പാൽ, തേൻ, പൂക്കൾ എന്നിവയാണ് സമർപ്പിക്കുന്നത്. നാഗങ്ങൾക്കായുള്ള ക്ഷേത്രങ്ങളും സന്ദർശിക്കുന്നത് നല്ലതാണ്. വീട്ടിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും പ്രാർത്ഥനങ്ങളും നടത്താറുണ്ട്. ഭക്തർ ഈ ദിവസം പ്രത്യേക വ്രതവും അനുഷ്ഠിക്കുന്നു.

ജ്യോതിഷ പ്രകാരം പഞ്ചമി തിഥിയുടെ അധിപൻ നാഗനാണ്. അതിനാൽ ഭക്തിയോടെ നാഗദെെവത്തെ സുഗന്ധം, പൂക്കൾ, ധൂപവർഗം, പാൽ, പായസം, കുതിർത്ത തിന, നെയ്യ് എന്നിവ ഉപയോഗിച്ച് ആരാധിക്കുക. ഈ ദിവസം പാമ്പാട്ടികൾക്കും ബ്രാഹ്മണർക്കും ലഡുവും ദക്ഷിണയും ദാനം ചെയ്യുന്നത് നല്ലതാണ്.

നാഗപഞ്ചമി നാളിൽ ഭൂമി ഉഴുതുമറിക്കാൻ പാടില്ല. കൂടാതെ മരങ്ങൾ മുറിക്കാനും പാടില്ല. കൂടാതെ നാഗപഞ്ചമി ദിനത്തിൽ സൂചി നൂൽ കൊണ്ട് തുന്നുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഇരുമ്പ് ചട്ടിയിൽ തീയിടുകയോ ഇരുമ്പ് പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുകയോ ചെയ്യരുത്.