ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച സംവരണ വിരുദ്ധ പ്രക്ഷോഭം ആളിക്കത്താൻ വഴിയൊരുക്കിയത് സൈന്യത്തിന്റെ നീക്കങ്ങൾ. തിങ്കളാഴ്ചയാണ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലെത്തിയത്. ഞായറാഴ്ച രാത്രി ഉന്നത ജനറൽമാരെ പങ്കെടുപ്പിച്ച് സൈനിക മേധാവി വേക്കർ ഉസ് - സമാൻ ചർച്ച നടത്തിയിരുന്നു. കർഫ്യൂ പാലിക്കാൻ പ്രതിഷേധക്കാർക്ക് നേരെ സൈന്യം വെടിവയ്ക്കേണ്ട എന്ന് തീരുമാനിച്ചു.
തുടർന്ന് ഹസീനയുടെ ഓഫീസിലെത്തിയ വേക്കർ ഹസീന ഏർപ്പെടുത്തിയ കർഫ്യൂ സൈന്യം പാലിക്കില്ലെന്നും ഇനി ഹസീനയെ പിന്തുണയ്ക്കില്ലെന്നും അറിയിച്ചു. ഞായറാഴ്ച തെരുവിലെ ഏറ്റുമുട്ടലിൽ 91 പേർ കൊല്ലപ്പെട്ടതോടെയാണ് കർഫ്യൂവിന് ഉത്തരവിട്ടത്. ഹസീനയെ വീഴ്ത്താൻ ലണ്ടനിലും സൗദി അറേബ്യയിലും പാകിസ്ഥാന്റെയും ചൈനയുടെയും ഒത്താശയോടെ പ്രതിപക്ഷ പാർട്ടികൾ ഗൂഢാലോചന നടത്തിയെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.
തന്നെ താഴെയിറക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മേയിൽ തന്നെ ഹസീന ആരോപിച്ചിരുന്നു. വധിക്കപ്പെട്ടെക്കാമെന്ന് ഭയന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിൽ എയർബേസ് നിർമ്മിക്കാൻ അനുവദിച്ചാൽ തടസങ്ങളില്ലാതെ തിരഞ്ഞെടുപ്പിന് വഴിയൊരുക്കാമെന്ന് ഒരു വിദേശരാജ്യം ഓഫർ ചെയ്തെന്നും ഹസീന വെളിപ്പെടുത്തിയിരുന്നു. രാജ്യമേതാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ഒരു വെള്ളക്കാരനാണ് ഇക്കാര്യം പറഞ്ഞതെന്ന് ഹസീന പാർട്ടി യോഗത്തിൽ പറഞ്ഞത്രെ.
ജനുവരിയിൽ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഹസീനയുടെ വെളിപ്പെടുത്തൽ. കൂടുതൽ പ്രശ്നങ്ങളുണ്ടാകുമെന്നുംമുന്നറിയിപ്പ് നൽകി. ഹസീന പരാമർശിച്ച രാജ്യം യു.എസ് ആണോ എന്ന് സംശയിക്കുന്നവരുണ്ട്.
ബംഗ്ലാദേശിൽ നിന്നുള്ള കയറ്റുമതി ഏറ്റവും കൂടുതൽ വാങ്ങുന്നവരാണ് യു.എസ്. ബംഗ്ലാദേശിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി ആവർത്തിച്ച് ആഹ്വാനം ചെയ്ത യു.എസ് സെപ്റ്റംബറിൽ ഹസീനയുടെ ഭരണകക്ഷി അംഗങ്ങൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ജനുവരിയിലെ പൊതുതിരഞ്ഞെടുപ്പിനെ യു.എസ്, റഷ്യ, കാനഡ, അറബ് പാർലമെന്റ് എന്നിവിടങ്ങളിൽ നിന്നുള്ള നിരീക്ഷകർ സുതാര്യവും നീതിയുക്തവുമെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, ഒരു യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ഇതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.
ഹസീന ഇന്ത്യയിൽ തുടരും
ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന കുറച്ചുനാൾ ഡൽഹിയിൽ തുടരുമെന്ന് മകൻ സജീബ് വാസേദ് പറഞ്ഞു. തിങ്കളാഴ്ച ഡൽഹിക്ക് സമീപമുള്ള ഹിൻഡൻ വ്യോമത്താവളത്തിൽ എത്തിയ ഹസീനയെയും സഹോദരി റെഹനെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. രാഷ്ട്രീയ അഭയത്തിന് യു.കെയിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ കിഴക്കേ ഏഷ്യൻ രാജ്യങ്ങളെയും സ്‌കാൻഡിനേവിയൻ രാജ്യങ്ങളെയും പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
നേതാക്കളുടെ മൃതദേഹം തെരുവിൽ
തിങ്കളാഴ്ച മുതൽ ഹസീനയുടെ അവാമി ലീഗ് നേതാക്കൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണുണ്ടായത്. 29 നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ തെരുവിൽ കണ്ടെത്തി. അവാമി നേതാക്കളുടെയും ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങളുടെയും വീടുകൾ തകർത്ത് കൊള്ളയടിച്ചു. പത്തിലേറെ ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. ബാഗർഹട്ടിൽ ഹിന്ദു യുവാവിനെ കലാപക്കാർ അടിച്ചുകൊന്നു.
കോമില്ല സിറ്റി മുൻ കൗൺസിലർ മുഹമ്മദ് ഷാ അലാമിന്റെ വസതി കത്തിച്ചു
നട്ടോരിൽ അവാമി എം.പിയുടെ വീട് കത്തിച്ചു. നാല് പേർ കൊല്ലപ്പെട്ടു
ധാക്കയിലെ അവാമി ലീഗ് മെയിൻ ഓഫീസ് വീണ്ടും കത്തിച്ചു
ഖുൽനയിൽ അവാമി നേതാവിന്റെ സബീർ ഇന്റർനാഷണൽ ഹോട്ടലിന് തീയിട്ടു. ഇൻഡോനേഷ്യൻ പൗരൻ അടക്കം 24 പേർ വെന്തുമരിച്ചു
നാശവും കോപവും പ്രതികാരവും വേണ്ട. യുവാക്കളാണ് നമ്മുടെ ഭാവി. അവരുടെ സ്വപ്നങ്ങൾ സഫലമാക്കാൻ പുതിയ ജനാധിപത്യ ബംഗ്ലാദേശിനെ പടുത്തുയർത്താം.
- ബീഗം ഖാലിദ സിയ, മുൻ പ്രധാനമന്ത്രി, ബി.എൻ.പി അദ്ധ്യക്ഷ
ജനങ്ങൾ ശാന്തത പാലിക്കണം. മെച്ചപ്പെട്ട രാഷ്ട്രം കെട്ടിപ്പടുക്കാൻ ഈ അവസരം ഉപയോഗിക്കണം.
- മുഹമ്മദ് യൂനുസ്