ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടലുണ്ടായതിനു പിന്നാലെ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതം. ബസന്ത്ഗഡിലെ ഖനീദ് മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ഭീകരർ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രദേശത്ത് വൻ തെരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ഭീകരരുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചിരുന്നുവെന്നും വൈകിട്ട് അഞ്ചരയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നും സൈന്യം വ്യക്തമാക്കി.
നാല് ഭീകരരെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. ഏപ്രിലിൽ ബസന്ത്ഗഡിലെ ഡുഡു മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു വില്ലേജ് ഡിഫൻസ് ഗാർഡ് കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച അനന്ത്നാഗിൽ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തിരുന്നു.