കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനു ലൈംഗിക അതിക്രമം നടത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പരിശീലനത്തിന്റെ മറവിലായിരുന്നു വനിത താരങ്ങളെ മനു പീഡിപ്പിച്ചിരുന്നത്. ശാരീരിക ക്ഷമത പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും നഗ്നചിത്രങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ലൈംഗികമായി കുട്ടികളെ ഉപയോഗിച്ചുവെന്നും കന്റോണ്‍മെന്റ് പൊലീസ് എസ്.എച്ച്.ഒ പ്രജീഷ് ശശി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പീഡനത്തിന് ഇരയായ കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് നിരവധി തവണ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഒന്നിലേറെ തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
മനു ഒറ്റയ്ക്കല്ലെന്നും സംഭവത്തിന് പിന്നില്‍ നിരവധിപേരടങ്ങുന്ന മാഫിയയാണെന്നും പരാതിക്കാര്‍ പറയുന്നു. എന്നാല്‍ അത്തരത്തിലൊരു കണ്ടെത്തല്‍ പൊലീസ് നടത്തിയിട്ടില്ല. പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രതി മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോയെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ മനുവിനെ മാത്രമാണ് പ്രതിചേര്‍ത്തിട്ടുള്ളത്. പ്രതിക്കെതിരെ ആദ്യത്തെ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ആറ് പെണ്‍കുട്ടികള്‍ കൂടി രംഗത്ത് വന്നിരുന്നു. അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും പൊലീസ് പറയുന്നു.