റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുമായി 2021 മുതൽ കടുത്ത ഉടക്കിലാണ് വിനേഷ്. ടോക്യോ ഒളിമ്പിക്സിന് ശേഷം തർക്കം പരസ്യമായി. ജെ.എസ്.ഡബ്ളിയു ഉൾപ്പടെയുള്ള വിനേഷിന്റെ സ്പോൺസർമാരെ വിലക്കി താരത്തെ തളർത്താനാണ് റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ തലവനായിരുന്ന ബ്രിജ് ഭൂഷൺ ചരൺ സിംഗ് ഉൾപ്പടെയുള്ളവർ ശ്രമിച്ചത്. ബ്രിജ്ഭൂഷണിനെതിരെ ജൂനിയർ താരങ്ങൾ ലൈംഗീകാരോപണ പരാതിയുമായി രംഗത്തുവന്നപ്പോൾ അവർക്ക് പിന്തുണയുമായി വിനേഷ് ശക്തമായി രംഗത്തുവന്നു. വലിയ രാഷ്ട്രീയ പ്രശ്നമായി ബ്രിജ്ഭൂഷണിന് സ്ഥാനമൊഴിയേണ്ടിവന്നു. എങ്കിലും ബ്രിജ്ഭൂഷണിന്റെ അനുയായികൾ തന്നെയാണ് ഇപ്പോഴും ഫെഡറേഷനിലുള്ളത്.
പാരീസിൽ ആദ്യ ദിവസം വിനേഷ് ഫൈനലിൽ എത്തിയപ്പോൾ ബ്രിജ്ഭൂഷണിനെതിരെ വിനേഷ് നേടിയ വിജയമായി അത് വ്യാഖ്യാനിക്കപ്പെട്ടു. അതുകൊണ്ടുതന്നെയാണ് വിനേഷിനെ ചതിക്കാൻ എന്തെങ്കിലും ശ്രമങ്ങൾ നടന്നോ എന്ന് സംശയം ഉണർന്നത്. ഒളിമ്പിക്സ് പോലെ ഒരു വലിയ വേദിയിൽ അതിനുള്ള സാദ്ധ്യത വിരളമാണെങ്കിലും ശരിയായ ഒരു അന്വേഷണം നടന്നാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് പുറത്തുവരികയുള്ളൂ.
സംശയങ്ങൾ ഇങ്ങനെയാണ്
1. വിനേഷിന്റെ ഭാരത്തെക്കുറിച്ച് കൃത്യമായ ധാരണ ഒപ്പമുള്ള കോച്ചിനും ഡയറ്റീഷ്യനും വേണ്ടതാണ്. ഓരോ മത്സരത്തിനും മുമ്പും ശേഷവും ഇവരാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. അമിതമായി വെള്ളമോ ഭക്ഷണമോ നൽകിയെങ്കിൽ ഇത് കോച്ചും ഡയറ്റീഷ്യനും അറിയാതെ ആവില്ല. അതിനാൽ സപ്പോർട്ടിംഗ് സ്റ്റാഫിൽ നിന്ന് മനപ്പൂർവം അങ്ങനെയുള്ള എന്തെങ്കിലും ശ്രമമുണ്ടായോ എന്ന് സംശയമുണ്ട്.
2. സാധാരണഗതിയിൽ മത്സരത്തിന് മുമ്പ് ഭാരം കുറയ്ക്കാനുള്ള വർക്ക് ഔട്ടിനെക്കുറിച്ച് കോച്ചിന് കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടാകും. ഇതനുസരിച്ചാണ് ഭക്ഷണവും വെള്ളവും നൽകുക. മറ്റാരുടെയങ്കിലും പ്രേരണ കോച്ചിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന രീതിയിൽ ഉണ്ടായിട്ടുണ്ടോ ?
3. കഴിക്കുന്ന ഭക്ഷണം എത്ര സമയത്തിനുള്ളിൽ ദഹിക്കും എന്ന ധാരണയോടെയാണ് നൽകുക. അതിലും എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നറിയേണ്ടതുണ്ട്. ദഹിക്കാൻ പ്രയാസമായ ഓയിലി ഫുഡ് കഴിക്കാൻ നൽകിയിരുന്നോയെന്നും സംശയമുണ്ട്.
ഇങ്ങനെയുള്ള സംശയത്തിന്റെ മുന നീളുന്നത് കോച്ചിംഗ് സ്റ്റാഫുകളിലേക്കാണ് . സപ്പോർട്ടിംഗ് സ്റ്റാഫുകളിൽ ഗുസ്തി ഫെഡറേഷനുള്ള സ്വാധീനവും അന്വേഷിച്ച് അറിയേണ്ടതുണ്ട്.