lifestyle

ഒരു വിമാനയാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് വിമാനത്തിനുള്ളില്‍ എന്തൊക്കെയാണ് അനുവദനീയമായിട്ടുള്ളതെന്നും അല്ലാത്തതെന്നും. അനുവാദം ലഭിക്കാത്ത സാധനം കൊണ്ടുപോയാല്‍ അതിന് ചിലപ്പോള്‍ പിഴ പോലും ഈടാക്കിയേക്കാം. ഇത്തരത്തില്‍ വിമാനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു സാധനം മലയാളിക്ക് ഒരു ദിവസം പോലും ഉപേക്ഷിക്കാന്‍ കഴിയാത്ത ഒന്നാണ്. നമ്മുടെ നാളികേരത്തിനാണ് വിമാനക്കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മലയാളിയെ സംബന്ധിച്ച് നാളികേരം ഇല്ലാത്ത ഒരു ദിവസം പോലും ചിന്തിക്കാന്‍ കഴിയില്ല. തേങ്ങ ഉപയോഗിച്ച് ഒരു കറിയെങ്കിലും മലയാളികളുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. ഉണക്ക തേങ്ങ വിമാനത്തിനുള്ളില്‍ അനുവദിക്കാത്തതിന് കാരണം അത് തീപിടിക്കാന്‍ സാദ്ധ്യതയുള്ള വസ്തുവായതിനാലാണ്. നാളികേരത്തില്‍ എണ്ണയുടെ അളവ് വളരെ കൂടുതലാണെന്ന കാരണത്താല്‍ത്തന്നെ തീപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

ഉണക്ക തേങ്ങ വിമാനത്തിനുള്ളില്‍ കൊണ്ടുപോകുന്നതിന് വിലക്കുണ്ടെങ്കിലും കഷ്ണങ്ങളാക്കിയ തേങ്ങാക്കൊത്ത് കൊണ്ടുപോകുന്നതിന് വിലക്കില്ലെന്നാണ് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് വിശദീകരിക്കുന്നത്. അയാട്ടയുടെ ( ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍) അപകടകരമായ വസ്തുക്കളുടെ പട്ടികയില്‍ ക്ലാസ് നാല് കാറ്റഗറിയിലാണ് തേങ്ങയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തേങ്ങ കൊണ്ടുള്ള ഉത്പന്നങ്ങള്‍ വിമാനത്തില്‍ അനുവദനീയമാണ്.

പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ നാട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ നാളികേരം കൊണ്ടുപൊകാറുണ്ട്. എന്നാല്‍ തേങ്ങാക്കൊത്താക്കിയാണ് ഇത്. അതേസമയം, നാളികേരം ഉണക്ക തേങ്ങയായി കൊണ്ടുപോകാന്‍ പാടില്ലെന്ന് പ്രവാസികളല്ലാത്ത നിരവധിപേര്‍ക്ക് അറിയാത്ത കാര്യവുമാണ്.