vinesh

കായിക താരങ്ങൾക്ക് ഭാരർവദ്ധനയുണ്ടാകുന്നതും കുറയുന്നതും പതിവാണ്. ഗുസ്തിയും ബോക്സിംഗും ജൂഡോയും പോലുള്ള ഭാരത്തെ അടിസ്ഥാനമാക്കിയുള്ള കായിക ഇനങ്ങളിൽ പ്രത്യേകിച്ചും. പരിശീലന വേളയിൽ ഭാരം കൂടിയിരുന്നാലും ഭാരം അളക്കുന്ന സമയത്ത് അത് കുറയ്ക്കാനുള്ള വ്യായാമമുറകൾ ചെയ്യുന്നതാണ് പതിവ്. അന്താരാഷ്ട്ര കായിക താരങ്ങൾ ഡയറ്റീഷ്യന്റെ നിർദ്ദേശത്തോടെ കൃത്യമായ അളവിലേ ഭക്ഷണം കഴിക്കാറുള്ളൂ. വിനേഷിന്റെ കാര്യത്തിൽ മനപ്പൂർവമോ അല്ലാതെയോ ഉള്ള പിഴവുകൊണ്ട് ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ചകൾ പറ്റിയോ എന്നാണ് അറിയേണ്ടത്.

മൂന്ന് മത്സരങ്ങൾ ഉള്ള ദിവസം അതിന്റെ ഇടവേളകളിൽ വിനേഷ് വെള്ളമാണോ പഴച്ചാറുകളാണോ കുടിച്ചതെന്ന് അറിയേണ്ടതുണ്ട്. വെള്ളം കുടിച്ചാൽ അത് ശരീരത്തിൽ നിന്ന് പോകും. കൂടുതൽ വെള്ളം ശരീരം അപ്പോൾ തന്നെ പുറന്തള്ളും.എന്നാൽ പഴച്ചാറുകളാണെങ്കിൽ ദഹനം വൈകും. കൊഴുപ്പ് കലർന്ന ഭക്ഷണത്തിനും മധുരപലഹാരങ്ങൾക്കും ഈ കുഴപ്പമുണ്ട്.

മാനസിക നിലയും ഭാരവ്യത്യാസമുണ്ടാക്കും. ആദ്യ മത്സരത്തിൽ ജയിച്ചപ്പോൾ വിനേഷ് വളരെ വലിയ ആവേശത്തിലായിരുന്നു. ഇത് ഹാപ്പി ഹോർമോണുകൾ കൂടുതലുണ്ടാക്കും. കൂടുതൽ ആഹാരം കഴിക്കുന്നതുൾപ്പടെ ഭാരം കൂടാനുള്ള സാഹചര്യമുണ്ടാകും. രാത്രി നന്നായി ഉറങ്ങിയില്ലെങ്കിലും ടെൻഷനുണ്ടായാലും ഭാരം വർദ്ധിക്കാം. തൈറോയ്ഡ് പോലുള്ള രോഗങ്ങളും ഭാരവ്യത്യാസമുണ്ടാക്കാം.

ഇതെല്ലാം വ്യക്തമായി പരിശോധിച്ചാൽ മാത്രമേ വിനേഷിന് എന്ത് സംഭവിച്ചു എന്നതിന്റെ ഉത്തരം കണ്ടെത്താനാകൂ.

(കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലെ കായിക വിഭാഗം തലവനാണ് ലേഖകൻ )