crime
അറസ്റ്റിലായ പ്രതികള്‍

തിരുവനന്തപുരം: യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ പൊലീസിന്റെ പിടിയില്‍. ആക്രമണത്തിന് ശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞ പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. കേസില്‍ തിരുവനന്തപുരം വെമ്പായം സ്വദേശി ദീപക് (31), കവടിയാര്‍ സ്വദേശി അല്‍ അമീന്‍ (34), മുട്ടത്തറ പരവന്‍കുന്ന് സ്വദേശി ദിലീപ് (30) എന്നിവരാണ് പിടിയിലായത്. ചെന്നൈ സ്വദേശി അരുണ്‍കുമാറിനും സുഹൃത്ത് അനൂപിനുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ഓഗസ്റ്റ് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. മാറനല്ലൂര്‍ ഗോവിന്ദപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അരുണ്‍ കുമാറും സഹോദര്‍ മാര്‍ട്ടിനും. മാര്‍ട്ടിന്റെ പെണ്‍സുഹൃത്ത് പ്രീതിക്ക് 50,000 രൂപ കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതിലെ പ്രതികാരത്തെത്തുടര്‍ന്നാണ് മാര്‍ട്ടിനേയും സഹോദരന്‍ അരുണിനേയും കൊലപ്പെടുത്താന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയത്. പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടാണ് പ്രീതി ക്വട്ടേഷന്‍ പറഞ്ഞുറപ്പിച്ചത്.

അരുണ്‍കുമാറിനേയും സുഹൃത്ത് അനൂപിനേയും ഓട്ടോറിക്ഷയിലെത്തിയ 15-ഓളം പേരടങ്ങുന്ന സംഘം വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയായിരുന്നു.

മാരകായുധങ്ങളുപയോഗിച്ച് അരുണ്‍കുമാറിന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷമാണ് ഇവര്‍ കടന്നുകളഞ്ഞത്.മാറനല്ലൂര്‍ എസ്.എച്ച്.ഒ. ഷിബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ കിരണ്‍ ശ്യാം, സി.പി.ഒമാരായ സൈജു, പ്രശാന്ത്, ശ്രീജിത്, അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവര്‍ വിവിധ സ്റ്റേഷനുകളില്‍ കൊലപാതകമടക്കമുള്ള കേസുകളില്‍ പ്രതികളാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.