kfone

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ താത്പര്യവുമായി അയല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. സംസഥാന സര്‍ക്കാരിന്റെ ഒ.എഫ്.സി (ഒപ്റ്റിക്കല്‍ ഫൈബര്‍ ക്യാബിള്‍) നെറ്റ്‌വര്‍ക്കായ കെ.ഫോണിനെ കുറിച്ച് വിശദമായി പഠിക്കാന്‍ രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നാടും തെലങ്കാനയും. രേവന്ത് റെഡ്ഡിയുടെ തെലങ്കാനയില്‍ നിന്ന് കെ-ഫോണിനെ കുറിച്ച് പഠിക്കാന്‍ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം തിരുവനന്തപുരത്ത് എത്തി.

തെലങ്കാനയില്‍ നിന്നുള്ള സംഘം കെ.ഫോണ്‍ മാനേജിംഗ് ഡറക്ടര്‍ ഡോ. സന്തോഷ് ബാബുവുമായി കൂടിക്കാഴ്ച നടത്തി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു.സര്‍ക്കാരിന് കീഴില്‍ ഈ പദ്ധതി നേരിട്ട് നടത്തുമ്പോഴുള്ള സാമ്പത്തിക ബാദ്ധ്യതകള്‍, വരുമാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് സംഘം മടങ്ങിയത്. കെ.ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.

നേരത്തെ തമിഴ്നാടും കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ മുന്നോട്ട് വന്നിരുന്നു.തമിഴ്നാട് സര്‍ക്കാര്‍ ടി.ഫോണ്‍ എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്‌നാട് ഐടി മന്ത്രി ഈ വിഷയം ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ക്കും ആക്ഷേപങ്ങള്‍ക്കുമിടയിലാണ് കെ.ഫോണ്‍ പദ്ധതി ആരംഭിച്ചത് എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥാപിക്കേണ്ട കേബിളുകളുടെ ദൂരം, നല്‍കേണ്ട കണക്ഷനുകളുടെ എണ്ണം, നിയമിക്കേണ്ട ജീവനക്കാരുടെ എണ്ണം എന്നിവ കണക്കാക്കിയിട്ടില്ലെന്ന് കഴിഞ്ഞ വര്‍ഷം നല്‍കിയ സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംസ്ഥാനത്തെ 20 ലക്ഷത്തോളം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി കെ.ഫോണ്‍ കണക്ഷന്‍ എത്തിച്ചു നല്‍കുക എന്നതായിരുന്നു പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ 30,000 ബി.പി.എല്‍ കുടുംബങ്ങളില്‍ കെ.ഫോണ്‍ കണക്ഷന്‍ നല്‍കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കെ ഫോണ്‍ ഇതുവരെ അയ്യായിരം സര്‍ക്കാര്‍ ഓഫീസുകളിലും, 20,000 വാണിജ്യ കേന്ദ്രങ്ങളിലും കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.