പാരീസ് : ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകി. വെള്ളി മെഡൽ പങ്കിടണമെന്ന് ഫോഗട്ട് അപ്പീലിൽ ആവശ്യപ്പെട്ടു. അപ്പീലിൽ കോടതി വ്യാഴാഴ്ത വിധി പറയും. വിധി വിനേഷിന് അനുകൂലമായാൽ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളിമെഡൽ രണ്ടുപേർക്കായി പങ്കുവയ്ക്കേണ്ടി വരും.
ശരീര ഭാരം നൂറ് ഗ്രാം കൂടിയതിനാലാണ് വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഫൈനലിന് വിനേഷിനെ അയോഗ്യയാക്കിയത് ഫൈനലിൽ അമേരിക്കൻ താരം സാറ ആനിനോട് തോറ്റാൽപ്പോലും വിനേഷിന് വെള്ളിമെഡൽ കിട്ടുമായിരുന്നു. . ഒളിമ്പിക് ഗുസ്തി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ച വിനേഷ് ചരിത്ര മെഡൽ നേട്ടത്തിന്റെ വക്കിലാണ് പുറത്തായത്.
ആഘാതത്തിൽ തളർന്ന വിനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനേഷിന്റെ അയോഗ്യതയിൽ നിരാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയുമായി ഫോണിൽ ചർച്ച നടത്തി. ഉഷ വിനേഷിനെ കണ്ട് ആശ്വസിപ്പിച്ചു. യുണൈറ്റഡ് വേൾഡ് റെസലിംഗിന് അപ്പീലും നൽകി.
കഴിഞ്ഞ ഒളിമ്പിക്സിൽ 53 കിലോ വിഭാഗത്തിൽ മത്സരിച്ച വിനേഷ് ഇത്തവണ ആ വിഭാഗത്തിൽ അന്തിം പംഗൽ ഒളിമ്പിക്സ് യോഗ്യത നേടിയതോടെയാണ് ശരീരഭാരം കുറച്ച് 50 കിലോയിൽ യോഗ്യത നേടിയത്.