പല തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇന്ത്യാ സന്ദർശനത്തിനിടെ ഒരു വിദേശി പകർത്തിയ വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തട്ടുകടക്കാരനുമായുള്ള സംഭാഷണമാണ് വിനോദ സഞ്ചാരി പങ്കുവച്ചത്. തമിഴ്നാട്ടിൽ നിന്നുള്ളതാണ് വീഡിയോ.
വീഡിയോയുടെ തുടക്കത്തിൽ തട്ടുകടക്കാരനായ യുവാവിനോട് വിനോദ സഞ്ചാരി ഒരു പ്ലേറ്റ് ചിക്കൻ 65ന് എത്ര രൂപയാണെന്ന് ചോദിക്കുകയാണ്. നൂറ് ഗ്രാമിന് 50 രൂപയാണെന്ന് യുവാവ് മറുപടി നൽകുകയും ചെയ്തു. തുടർന്ന് വിദേശി ഒരു പ്ലേറ്റ് ചിക്കൻ 65 ഓർഡർ ചെയ്യുന്നു. ഇംഗ്ലീഷിലാണ് ഇരുവരും തമ്മിലുള്ള സംഭാഷണം.
കുറച്ചുസമയത്തിന് ശേഷം യുവാവ് അദ്ദേഹത്തിന് ഭക്ഷണം നൽകുന്നു. താൻ ഈ തട്ടുകട ഗൂഗിൾ മാപ്പ് വഴിയാണ് കണ്ടെത്തിയതെന്ന് അദ്ദേഹം യുവാവിനോട് അറിയിച്ചു. സംസാരത്തിനിടയിൽ താൻ ഒരു വിദ്യാർത്ഥിയാണെന്നും, ജോലിക്കൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുകയാണെന്നും യുവാവ് പറഞ്ഞു.
എന്താണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ ബയോ ടെക്‌നോളജിയിൽ പി എച്ച് ഡി ചെയ്യുകയാണെന്ന് മറുപടി. ഇതുകേട്ടതോടെ വിനോദ സഞ്ചാരി ഒന്ന് അമ്പരന്നു. തുടർന്ന് 'എന്റെ പേര് ഗൂഗിൾ ചെയ്‌താൽ നിങ്ങൾക്ക് കാണാം' എന്ന് യുവാവ് പറയുന്നു. 'എന്ത് താങ്കളുടെ ഷോപ്പോ' എന്നായി വിനോദ സഞ്ചാരി.
'അല്ല, കടയല്ല. എന്റെ റിസർച്ച് ആർട്ടിക്കുകൾ. തരുൾ റയാൽ എന്നാണ് എന്റെ പേര്. എസ് ആർ എം യൂണിവേഴ്സിറ്റിയിലെ റിസർച്ച് സ്‌കോളറാണ്.'- യുവാവ് വ്യക്തമാക്കി.വീഡിയോ വളരെപ്പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്‌തു.