ദെെനംദിന ജീവിതത്തിൽ നാം നേരിടുന്ന പ്രധാന പ്രശ്നമാണ് പഴങ്ങളിലും പച്ചക്കറികളിലുമുള്ള കീടനാശിനി സാന്നിദ്ധ്യം. നിരവധി ദിവസം ഫ്രഷ് ആയി ഇരിക്കാൻനും വിളകളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കാനുമാണ് കീടനാശിനികൾ തളിക്കുന്നത്. ഇത് കഴിക്കുന്നതിലൂടെ മാരക കീടനാശിനികൾ നമ്മുടെ ശരീരത്തിന് ഉള്ളിൽ പ്രവേശിക്കുന്നു. മനുഷ്യന് വളരെ ദോഷകരമായ ഒന്നാണ് കീടനാശിനി.
അതിനാൽ തന്നെ കഴിക്കുന്നതിന് മുൻപ് പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനി പൂർണമായും നീക്കം ചെയ്യേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അമിത ചെലവില്ലാതെ പഴങ്ങളിലെയും പച്ചക്കറികളെയും കീടനാശിനി അകറ്റാൻ ചില പൊടിക്കെെകൾ നോക്കിയാലോ?
വെള്ളം
പഴങ്ങളും പച്ചക്കറിയും വെള്ളം ഉപയോഗിച്ച് നല്ലപോലെ കഴുകാൻ മറക്കരുത്. പുറത്തുള്ള അഴുക്കും കീടനാശിനിയും കളയാൻ ഇത് സഹായിക്കുന്നു. 30 സെക്കന്റ് വെള്ളത്തിൽ ഇട്ട ശേഷം അവ എടുത്ത് കെെ കൊണ്ട് നന്നായി ഉരച്ച് കഴുകുക.
വിനാഗിരി
രണ്ട് കപ്പ് വെള്ളത്തിലേക്ക് ഒരു കപ്പ് വിനാഗിരി ഒഴിച്ച ശേഷം ഈ ലായനിയിൽ പഴങ്ങളും പച്ചക്കറിയും 10 -15 മിനിട്ട് മുക്കിവയ്ക്കുക. കീടനാശിനി സാന്നിദ്ധ്യം നീക്കം ചെയ്യാൻ ഇത് വളരെ നല്ലതാണ്. വിനാഗിരിയുടെ രുചി നീക്കം ചെയ്യാൻ പിന്നീട് ഇവ വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയാൽ മതി.
ബേക്കിംഗ് സോഡയും ഇത്തരത്തിൽ കീടനാശിനി നീക്കം ചെയ്യാൻ ഉപയോഗിക്കാം. രണ്ട് കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ഈ വെള്ളത്തിൽ പഴങ്ങളും പച്ചക്കറിയും 10 -15 മിനിട്ട് മുക്കിവയ്ക്കാം. ശേഷം വെള്ളത്തിൽ നന്നായി കഴുകുക.