ന്യൂഡൽഹി: രണ്ടാംലോക മഹായുദ്ധകാലത്ത് കണ്ടെത്തിയ ഗുരുതര രോഗവുമായി 21കാരൻ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. സിവിൽ സർവീസ് ഉദ്യോഗാർത്ഥിയിലാണ് പൈലോനിഡൽ സൈനസ് എന്ന രോഗം കണ്ടെത്തിയത്.
കടുത്ത വേദനയുള്ള ഈ രോഗം ജീപ്പേഴ്‌സ് ബോട്ടം എന്നും അറിയപ്പെടുന്നു. നട്ടെല്ലിന് താഴെയായി കാണപ്പെടുന്ന ടെയിൽ ബോണിന് സമീപത്തായി പഴുപ്പ് രൂപപ്പെടുന്ന രോഗാവസ്ഥയാണിത്. ഇതിന്റെ ഫലമായി ചർമ്മത്തിനുള്ളിൽ മുടി വളരുന്നു. ഈ രോഗം ആദ്യമായി കണ്ടെത്തിയത് രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികരിലാണെന്ന് യുവാവിനെ ചികിത്സിക്കുന്ന സർ ഗംഗാ റാം ആശുപത്രിയിലെ ഡോക്‌ടർമാർ പ്രസ്‌താവനയിൽ വ്യക്തമാക്കി.
പഠനത്തിനായി മണിക്കൂറുകളോളം കസേരയിൽ ഇരുന്നതാണ് ഈ രോഗത്തിന് കാരണമായതെന്ന് ആശുപത്രിയിലെ ലേസർ സർജറി വിഭാഗം വിദഗ്ദ്ധനായ തരുൺ മിത്തൽ പറഞ്ഞു. രോഗം ബാധിച്ച് ദിവസങ്ങൾക്കുശേഷം യുവാവിന്റെ നിതംബത്തിൽ നീർവീക്കം അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് കടുത്ത വേദനയും പഴുപ്പും ഉണ്ടാകാൻ ആരംഭിച്ചു. ഇതിനുപിന്നാലെ യുവാവ് കിടപ്പിലായെന്നും ഡോക്‌ടർമാർ പറയുന്നു. തുടർചികിത്സയുടെ ഭാഗമായി യുവാവിന് എൻഡോസ്‌കോപിക് പൈലോനിഡൽ സൈനസ് ട്രാക്‌ട് അബ്ലേഷൻ ശസ്ത്രക്രിയ നടത്തിയതായി ഗംഗാ റാം ആശുപത്രിയിലെ ഡോക്‌ടർമാർ അറിയിച്ചു. അത്യാധുനിക ചികിത്സാ സംവിധാനമാണ് യുവാവിൽ ഉപയോഗിച്ചതെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.
മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യുന്നതും പഠിക്കുന്നതുമെല്ലാം ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു. ഓരോ 15- 20 മിനിട്ട് കൂടുന്തോറും നടക്കുകയോ ചെറു വ്യായാമങ്ങളോ ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.