wayanad

കൽപ്പറ്റ: വയനാട് ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് സെെന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സെെന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകും. സെെന്യത്തിന്റ എല്ലാ സംഘങ്ങളും മടങ്ങും. രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് എന്നീ സേനങ്ങൾക്ക് കെെമാറുമെന്നും സെെന്യം അറിയിച്ചു.

സെെന്യത്തിന്റെ 500 അംഗസംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. എന്നാൽ താൽക്കാലികമായി നിർമ്മിച്ച ബെയ്ലി പാലം മെയ്‌ന്റനൻസ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റ‌ർ തെരച്ചിൽ ടീമും അടുത്ത നിർദേശം വരുന്നത് വരെ ഇവിടെ തുടരും.

ബാക്കിയുള്ളവരാണ് മടങ്ങുന്നതെന്ന് സെെന്യം അറിയിച്ചു. ചൂരൽമല, മുണ്ടക്കെെ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ നടന്ന ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും എൻഡിആർഎഫും വിവിധ സേനാ വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ജൂലായ് 30ന് ഉച്ചയ്ക്കാണ് ഇന്ത്യൻ കരസേന സ്ഥലത്തെത്തുന്നത്. നിരവധി പേരെയാണ് സെെന്യം ഇതുവരെ രക്ഷിച്ചത്. മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ ബെയ്‌ലി പാലം നിർമിക്കുന്നതിൽ അതിവിദഗ്ദ്ധരായ സെെനികരും ഉൾപ്പെട്ടിരുന്നു.