മണി പ്ലാന്റ് വളർത്തുന്നതിലൂടെ വീട്ടിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ പല വീടുകളിലും ഓഫീസുകളിലും ഈ ചെടി വളർത്താറുണ്ട്. എന്നാൽ, ഇവ ശരിയായ ദിശയിൽ വച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാവുക. ഏത് സ്ഥാനത്താണ് മണി പ്ലാന്റ് വയ്‌ക്കേണ്ടതെന്നും എന്തൊക്കെ ചെയ്‌താലാണ് ഈ ചെടി ഐശ്വര്യം കൊണ്ടുവരുന്നതെന്നും നോക്കാം.
വീടിന്റെ തെക്ക് - കിഴക്ക് ഭാഗത്തായി വേണം ഈ ചെടി വയ്‌ക്കാൻ. ഈ സ്ഥലത്തിന് ധനം ആകർഷിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. നെഗറ്റീവ് എനർജിയുടെ സ്ഥാനമാണ് വടക്ക് - കിഴക്ക്, അതിനാൽ ഈ ഭാഗത്ത് ഒരിക്കലും മണി പ്ലാന്റ് നടരുത്. ചെടിച്ചട്ടി അല്ലെങ്കിൽ കുപ്പി എന്നിവ വേണം മണി പ്ലാന്റ് നടാനായി ഉപയോഗിക്കേണ്ടത്. ഒരിക്കലും മണി പ്ലാന്റ് നിലത്ത് നടരുത്. മാത്രമല്ല, ചെടി ഉണങ്ങാനും പാടില്ല. ഇങ്ങനെ സംഭവിച്ചാൽ അത് നിർഭാഗ്യം നിങ്ങളെ തേടിയെത്തും എന്നതിന്റെ ലക്ഷണമാണ്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കും.
ഉണങ്ങിയ ഇലകൾ ചെടിയിൽ സൂക്ഷിക്കരുത്. സൂര്യപ്രകാശം അത്യാവശ്യമായ ചെടി ആയതിനാൽ മണി പ്ലാന്റ് എപ്പോഴും ജനലിന് സമീപം വയ്‌ക്കുന്നതാണ് ഉത്തമം. ദമ്പതികൾ താമസിക്കുന്ന മുറിയിൽ ഒരിക്കലും ഈ ചെടി കിഴക്ക് - പടിഞ്ഞാറ് ഭാഗത്തായി വയ്‌ക്കരുത്. ഇത് വീട്ടിൽ വഴക്കിന് കാരണമാകും എന്നാണ് വിശ്വാസം.