കാക്കിയണിയാനുള്ള മോഹത്തെ സെലക്ഷൻ ഉത്തരവ് കീറിയെറിഞ്ഞ് പിതാവ് അവസാനിപ്പിച്ചു. 37 വർഷങ്ങൾക്കുശേഷം രക്ഷാപ്രവർത്തകയുടെ വേഷമണിഞ്ഞ് വയനാട് ദുന്തമേഖലയിൽ രക്ഷാദൗത്യത്തിൽ ഏർപ്പെടുകയാണ് വിജയകുമാരി എൻ എസ്. മേപ്പാടി ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ആദ്യ വനിതയാണ് വിജയകുമാരി. തെരച്ചിലിൽ ഫയർ ഫോഴ്‌സ് അടക്കമുള്ള ഏജൻസികളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തു.
മേപ്പാടിക്ക് സമീപത്തെ മുപ്പൈനാട് പഞ്ചായത്തിലെ അംഗനവാടി അദ്ധ്യാപികയാണ് വിജയകുമാരി. ചൊവ്വാഴ്‌ച പുലർച്ചെ നാല് മണിക്കാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതായി അറിയിച്ച് വിജയകുമാരിക്ക് ഫോൺ കോൾ വരുന്നത്. പിന്നാലെ മറ്റൊന്നും നോക്കാതെ കനത്ത മഴയെ അവഗണിച്ച് തന്റെ സ്‌കൂട്ടറിൽ വിജയകുമാരി സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. അഞ്ച് മണിയോടെ ചൂരൽമലയിലെത്തിയ വിജയകുമാരി കണ്ടത് ചെളിയിൽ പൂണ്ടുകിടക്കുന്ന ഒരു ഗ്രാമത്തെയാണ്.
തുടർന്ന് ഔദ്യോഗിക രക്ഷാദൗത്യ സംഘത്തിന്റെ ഭാഗമായി വിജയകുമാരി ദിവസം മുഴുവനും തിരച്ചിലിലും മറ്റും സേനകളുടെ സഹായിയായി പ്രവർത്തിച്ചു. അന്നേദിവസം രാത്രി എട്ടുമണി വരെ ഏകദേശം 17 മൃതദേഹങ്ങൾ പുറത്തെടുക്കാനാണ് വിജയകുമാരി സഹായിച്ചത്. പൊലീസ് ഓഫീസറാകാനുള്ള പരിശീലനം രക്ഷാപ്രവർത്തനത്തിൽ തുണയായെന്ന് വിജയകുമാരി പറയുന്നു.
'രക്ഷാപ്രവർത്തകരിൽ ഒരു വനിത പോലും ഇല്ലായെന്നത് ഞാൻ ശ്രദ്ധിച്ചു. ഭയാനകമായ കാഴ്‌ചയാണ് മുന്നിലുള്ളതെങ്കിലും സ്ത്രീ എന്ന പേരിൽ മാറി നിൽക്കരുതെന്ന് എനിക്ക് തോന്നി. തുടർന്ന് ഞാനും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാവുകയായിരുന്നു. രാത്രി എട്ടുമണിവരെ ഞാൻ അവിടെ പ്രവർത്തിച്ചു'-വിജയകുമാരി പറഞ്ഞു.
തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ, നിലമ്പൂരിൽ നിന്ന് കൊണ്ടുവന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും സൂക്ഷിച്ചിരുന്ന മേപ്പാടി ജിഎച്ച്എസ്എസിൽ സ്ഥാപിച്ച താൽക്കാലിക മോർച്ചറിയിലും വിജയകുമാരി സേവനമനുഷ്ഠിച്ചു.
'അത്ര സുഖമുള്ള കാഴ്ചയായിരുന്നില്ലെങ്കിലും, പ്രത്യേകിച്ച് ശരീരം തിരിച്ചറിയാൻ സ്ത്രീകൾ വരുമ്പോൾ അവിടെ എന്റെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്ന് ഞാൻ കരുതി. വികൃതമായ ശരീരങ്ങളും ശരീരഭാഗങ്ങളും കണ്ട് ചില സ്ത്രീകൾ ബോധരഹിതരായതോടെ ആ ചിന്ത ശരിയാണെന്ന് ബോദ്ധ്യമായി. സ്ത്രീ ആണെന്ന പേരിൽ ഒട്ടും അരക്ഷിതാവസ്ഥ തോന്നിയില്ല. ഞാൻ വളരെക്കാലമായി സാമൂഹിക സേവനത്തിൽ സജീവമാണ്'- വിജയകുമാരി വെളിപ്പെടുത്തി.