വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറാണെന്ന് ബോബി ചെമ്മണ്ണൂർ. ഇതിനായി കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഷോറൂമിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'സാധാരണ ആഘോഷവും ചാരിറ്റിയുമൊക്കെയായിട്ടാണ് ഉദ്ഘാടനമൊക്കെ നടത്താറ്. ഇത്തവണ ചാരിറ്റി മാത്രമേയുള്ളൂ. കാരണം, വയനാട്ടിൽ നമ്മുടെ സഹോദരീ സഹോദരന്മാരും പിഞ്ചുകുഞ്ഞുങ്ങളുമൊക്കെ ദുരന്തത്തിൽപ്പെട്ടിരിക്കുകയാണ്. ഞാൻ അവിടെ പോയപ്പോൾ, ക്യാംപുകളിലൊക്കെ കണ്ടുനിൽക്കാൻ പറ്റിയ അവസ്ഥയല്ല. അവർക്ക് സഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
എല്ലാവരും വയനാടിന് വേണ്ടി പറ്റുന്ന സഹായം ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. ഞങ്ങളുടെ അഞ്ച് ആംബുലൻസും ബോച്ചെ ഫാൻസുമൊക്കെ അവിടെ പ്രവർത്തിക്കുന്നുണ്ട്. രണ്ട് ദിവസം ഞാൻ അവിടെ പ്രവർത്തിച്ചു. ഞാൻ ക്യാംപിൽ പോയപ്പോൾ ഉറ്റവരെ നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്.
എന്നെ കരയിച്ച ഒരു സംഭവം, ഞാൻ തിരിച്ചിറങ്ങാൻ നിൽക്കുമ്പോൾ അഞ്ചോ ആറോ വയസുള്ള പെൺകുട്ടി ഓടി വന്ന് കൈയിൽ പിടിച്ചു. ആ കുട്ടിയുടെ അച്ഛനും അമ്മയുമെല്ലാം പോയി. ആ കുട്ടി ക്ലാസ് റൂമിൽ, ആ ജനക്കൂട്ടത്തിനിടയിൽ ജീവിക്കുകയാണ്. എന്റെ കൈയിൽ പിടിച്ചു. ഞാൻ വണ്ടിയിൽ കയറിയാൽ എന്റെ കൂടെ പോരും. കൊണ്ടുപോകാൻ നിയമപ്രശ്നമുണ്ട്.
കുട്ടിയെ നേരെ അങ്ങ് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയാൽ വിവാദം അറിയാലോ. എന്ത് നല്ലത് ചെയ്താലും വിവാദമുണ്ടാകും. അതുസാരമില്ല. നമ്മുടെ ആൾക്കാർ കളക്ടറുടെ അടുത്ത് പോയി അപേക്ഷ നൽകി, മൂന്ന് നാല് പിള്ളേരെ എന്റെ വീട്ടിലോട്ട് കൊണ്ടുപോകാനായിട്ട്. അവിടെ കണ്ണ് നനയുന്ന രംഗങ്ങളാണ്, അവർക്കുവേണ്ടി പ്രാർത്ഥിക്കാം. പറ്റുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.'- ബോബി ചെമ്മണ്ണൂർ പറഞ്ഞു.