wayanadu

കോഴിക്കോട്: രാജ്യത്തെ നടുക്കിയ വയനാട് പ്രകൃതിദുരന്തം മൂലം പഠന സൗകര്യം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് 50 ലക്ഷം രൂപയുടെ വിപുല വിദ്യാഭ്യാസ സഹായ പദ്ധതിയുമായി അരീക്കോട് ആസ്ഥാനമായ എജുടെക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇന്റര്‍വെല്‍ ലേണിംഗ് ആപ്പ്. നാടും വീടും വിദ്യാലയവും നഷ്ടമായ കുട്ടികളുടെ സമഗ്ര പുനഃരധിവാസത്തിന് താങ്ങാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഈ വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സര്‍ക്കാരുമായും ജില്ലാ ഭരണകൂടവുമായും സഹകരിച്ചാണ് നടപ്പിലാക്കുക. മഹാദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമാണ് കുട്ടികള്‍ സുക്ഷിതമായി കഴിയുന്നത്. ദുരന്തം സൃഷ്ടിച്ച മാനസികാഘാതത്തില്‍ നിന്ന് മുക്തരായി ഇവര്‍ സ്‌കൂളിലേക്ക് മടങ്ങാവുന്ന നിലയിലെത്തിയാല്‍ ഉടന്‍ ഈ തുടര്‍ പഠന പദ്ധതി ആരംഭിക്കും.

സ്‌കൂള്‍ പഠനത്തോടൊപ്പം ഓരോ കുട്ടിക്കും വ്യക്തിഗത ശ്രദ്ധ നല്‍കുന്ന വിദ്യാഭ്യാസ പിന്തുണയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് ഇന്റര്‍വെല്‍ ലേണിംഗ് ആപ്പ് സിഇഒ റമീസ് അലി പറഞ്ഞു. പതിനായിരത്തിലേറെ അദ്ധ്യാപകരാണ് ഇന്റര്‍വെലിനുള്ളത്. ഇവരെ ഉപയോഗപ്പെടുത്തിയാണ് ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും വിദ്യാര്‍ത്ഥികള്‍ പഠന പിന്തുണ നല്‍കുക. പഠനത്തോടൊപ്പം ഈ കുട്ടികള്‍ക്ക് ആവശ്യമായ മനഃശാസ്ത്രപരമായ പിന്തുണയും ഇന്റര്‍വെല്‍ നല്‍കും. സഹപാഠികളെ നഷ്ടമായ കുട്ടികളെ പൂര്‍ണമായും സാധാരണ നിലയിലെത്തിക്കുകയും പഠനത്തില്‍ നേരിട്ട തടസങ്ങളെ മറികടക്കാന്‍ സഹായിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഈ പദ്ധതിയോടൊപ്പം കേരളത്തില്‍ പ്രകൃതിദുരന്തം ബാധിച്ച മേഖലകളിലെ 50 വീതം ദുരിത ബാധിതര്‍ക്ക് വര്‍ക്ക് ഫ്രം ഹോം രീതിയിലുള്ള ജോലി നല്‍കുമെന്നും ഇന്റര്‍വെല്‍ അറിയിച്ചു. പുനരധിവാസത്തിനു ശേഷം ഇവര്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. റിമോട്ട് ജോലി ആയത് കൊണ്ട് ഇവര്‍ക്ക് വീട്ടിലിരുന്നോ സുരക്ഷിതമായ മറ്റിടങ്ങളിലിരുന്നോ ജോലി ചെയ്യാം. ഈ പദ്ധതികള്‍ക്കൊപ്പം ഇന്റര്‍വെല്‍ ആപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കിയിട്ടുണ്ട്.