വീടുകളിൽ തയ്യാറാക്കുന്നതുപോലെ തേങ്ങ അരച്ചല്ല മിക്കവാറും ഹോട്ടലുകളിലും മീൻ കറി തയ്യാറാക്കുന്നത്. ഈ കുറുകിയ മീൻകറി കഴിക്കാൻ ഭയങ്കര രുചിയുമാണ് അല്ലേ. ഇതെങ്ങനെയാണ് ഇത്രയും രുചിയോടെ തയ്യാറാക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാലിനി ഹോട്ടൽ ടേസ്റ്റിൽ നല്ല കുറുകിയ മീൻകറി വീട്ടിൽ തയ്യാറാക്കാം, അതും വളരെ ഈസിയായി.
ഇതിനായി ആദ്യം അരകപ്പ് വെള്ളത്തിൽ ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ പുളിയെടുത്ത് പിഴിഞ്ഞ് പുളിവെള്ളം തയ്യാറാക്കണം. ഇനി ഒരു പാൻ ചൂടാക്കാൻ വച്ചതിനുശേഷം മൂന്ന് ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയെടുക്കണം. ഇതിലേയ്ക്ക് ഒരു മീഡിയം വലിപ്പത്തിലുള്ള സവാള അരിഞ്ഞതിൽ അൽപ്പം ഉപ്പ് ചേർത്ത് വഴറ്റണം. സവാള വഴണ്ട് തുടങ്ങുമ്പോൾ പത്തോ പതിനഞ്ചോ ചെറിയ ഉള്ളി അരിഞ്ഞതിന്റെ മുക്കാൽ ഭാഗം കൂടി ചേർത്ത് വഴറ്റാം.
ഉള്ളി നന്നായി വഴണ്ട‌് വരുമ്പോൾ ഒരു മീഡിയം സൈസ് ഇഞ്ചി, അഞ്ച് അല്ലി വെളുത്തുള്ളി, മൂന്ന് പച്ചമുളക് എന്നിവ ചതച്ചതിന്റെ പകുതിഭാഗം ചേർക്കണം. ഇനി രണ്ട് മീഡിയം സൈസ് തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റാം. ഇതിലേയ്ക്ക് കാൽ കപ്പ് വെള്ളം ചേർത്ത് മീഡിയം ഫ്ളെയിമിൽ വേവിച്ചെടുക്കണം. എല്ലാം നന്നായി വെന്തുകഴിഞ്ഞ് തണുക്കുമ്പോൾ കാൽകപ്പ് വെള്ളം കൂടി ചേർത്ത് മിക്‌സി ജാറിലിട്ട് അരച്ചെടുക്കാം.
ഇനി ഒരു മൺചട്ടി ചൂടാക്കാൻ വച്ചതിനുശേഷം ഒന്നര ടേബിൾ സ്‌പൂൺ വെള്ളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. ഇതിൽ ഒരു നുള്ള് ഉലുവ, രണ്ട് നുള്ളി പെരുംജീരകം എന്നിവ ചൂടാക്കിയതിനുശേഷം ബാക്കി ചെറിയ ഉള്ളിയും ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് എന്നിവ ചേർക്കണം. രണ്ട് മിനിട്ടിന് ശേഷം ഒരു ടേബിൾ സ്‌പൂൺ മുളകുപൊടി, കാശ്‌മിരി മുളകുപൊടി, അര ടീസ്‌പൂൺ മല്ലിപ്പൊടി, കാൽ ടീസ്‌പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് എല്ലാം നന്നായി വറുത്തെടുക്കണം.
ശേഷം നേരത്തെ അരച്ചുവച്ചിരിക്കുന്ന അരപ്പ് ചേർക്കാം. അര കപ്പ് ചൂടുവെള്ളം, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പുളിവെള്ളം എന്നിവ ചേർത്ത് മീഡിയം ഫ്ളെയിമിൽ തിളപ്പിക്കണം. അടുത്തതായി കഴുകി കഷ്ണങ്ങളാക്കിയ മീൻ ചേർക്കാം. മീൻ ചേർത്തുകഴിഞ്ഞ് ഇളക്കിയാൽ അത് പൊടിഞ്ഞുപോകും. എട്ടോ പത്തോ മിനിട്ട് കഴിഞ്ഞാൽ മീൻ വെന്തുകിട്ടും. ഇതിലേയ്ക്ക് അൽപ്പം കടുക് വറുത്ത് ചേർത്ത് കറിവേപ്പില, മല്ലിയില എന്നിവ കൂടി ചേർത്ത് അടച്ചുവയ്ക്കണം. ഹോട്ടൽ രുചിയിൽ മീൻകറി തയ്യാറായി. ഇത് അര മണിക്കൂറെങ്കിലും മാറ്റി വച്ചിട്ട് കഴിക്കുമ്പോഴാണ് കൂടുതൽ രുചിയുണ്ടാവുക.