kiren-rijiju

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ എതി‌ത്ത പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു. മുസ്ലീം അല്ലാത്ത തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു. സഭയിൽ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)യുടെ പരിശോധനയ്‌ക്ക് വിട്ടു.

'പാർലമെന്ററി അംഗങ്ങളെ അവരുടെ മതവുമായി ചേർത്ത് അഭിസംബോധന ചെയ്യുന്നത് ശരിയല്ല. വഖഫ് ബോർഡിൽ വിവിധ മതസ്ഥർ അംഗങ്ങളാവണമെന്നല്ല ബില്ലിൽ പറയുന്നത്. ഒരു എംപിയും ബോർഡിൽ അംഗമാവണമെന്നാണ് നിർദേശം. ഒരു എംപി ഹിന്ദുവോ ക്രിസ്‌ത്യാനിയോ ആയാൽ എന്ത് ചെയ്യാൻ കഴിയും? എംപി ആയതുകൊണ്ട് വഖഫ് ബോർഡിൽ അംഗമാക്കപ്പെട്ട അദ്ദേഹത്തിന്റെ മതം മാറ്റാൻ കഴിയുമോ?', റിജിജു പറഞ്ഞു.

'പ്രതിപക്ഷം മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വരെ വിവിധ മുസ്ലീം പ്രതിനിധി സംഘം എന്നെ വന്നുകണ്ടു. വഖഫ് ബോര്‍ഡുകള്‍ മാഫിയകള്‍ കീഴടക്കിയെന്ന് പല എംപിമാരും പറഞ്ഞു. ബില്ലിനെ വ്യക്തിപരമായി അനുകൂലിക്കുന്നെങ്കിലും പാര്‍ട്ടിയുടെ നിലപാട് അല്ലാത്തതിനാല്‍ അത് പറയാന്‍ സാധിക്കുന്നില്ലെന്ന് പല എംപിമാരും പറഞ്ഞു. പല തട്ടുകളില്‍ രാജ്യവ്യാപകമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ബില്‍ കൊണ്ടുവന്നത്' , അദ്ദേഹം വ്യക്തമാക്കി.

'കോൺഗ്രസിന് സാധിക്കാത്തത് നിറവേറ്റാനാണ് ബിൽ കൊണ്ടുവന്നത്. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നത്. ഏതെങ്കിലും മതത്തിന്റെ ഭരണ സംവിധാനങ്ങളിൽ ഇടപെടാനല്ല ബിൽ കൊണ്ടുവരുന്നത്. ബില്ലും അതിനെ എതിർത്തവരും പിന്തുണച്ചവരും ചരിത്രത്തിന്റെ ഭാഗമാവും. ബില്ലിനെ എതിർക്കും മുമ്പ് ആയിരക്കണക്കിന് സാധാരണക്കാരെയും സ്‌ത്രീകളെയും കുറിച്ച് ഓർക്കണം. അവരെ ആദരിക്കണം', റിജിജു കൂട്ടിച്ചേർത്തു.