aman-sherawat

പാരീസ്: ഇന്ത്യയ്‌ക്ക് വീണ്ടും ഒളിമ്പിക്‌സ് മെഡൽ പ്രതീക്ഷ നൽകി പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ അമൻ ഷെരാവത്ത് സെമിയിൽ. അൽബേനിയയുടെ മുൻ ലോകചാംപ്യൻ സെലിംഖാൻ അബകറോവിനെ 11–0 നാണ് അമൻ തോൽപിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ മാസിഡോണിയയുടെ വ്ലാഡിമിർ ഇഗോറോവിനെ തോൽപ്പിച്ചായിരുന്നു അമൻ ക്വാർട്ടറിൽ കടന്നത്.

വനിതാ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ അൻഷു മാലിക് പ്രീക്വാർട്ടറിൽ തോറ്റു. യുഎസ്എ താരം ഹെലനോട് 7–2 നാണ് അൻഷുവിന്റെ തോൽവി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിന്റെ റെപ്പഷാജ് റൗണ്ടിൽ ജ്യോതി യാരാജി പുറത്തായി.

ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ ഒന്നാമനായി ഫൈനലിൽ കടന്ന നീരജ് ചോപ്രയിലൂടെ പാരിസ് ഒളിംപിക്സിലെ ആദ്യ സ്വർണ മെഡലാണ് ഇന്ത്യ സ്വപ്നം കാണുന്നത്. രാത്രി 11.55നാണ് മത്സരം.

അതേസമയം, ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഇന്ത്യൻ വനിതാ ഗുസ്തി താരം അന്തിം പംഗലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കാന്‍ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍ തീരുമാനിച്ചു.അച്ചടക്കലംഘനത്തെത്തുടര്‍ന്ന് അന്തിം പംഗലിനെ ഇന്നലെ തന്നെ പാരീസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കും വരുന്നത്.

53 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ആദ്യ മത്സരത്തിനിറങ്ങിയ അന്തിം പംഗല്‍ എതിരാളിയായ തുര്‍ക്കി താരം യെറ്റ്‌ഗില്‍ സൈനെപ്പിനെതിരെ പ്രതിരോധമില്ലാതെ തോറ്റ് പുറത്തായിരുന്നു. വെറും 101 സെക്കന്‍ഡില്‍ 0-10നായിരുന്നു അന്തിമിന്‍റെ തോല്‍വി. 53 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ആദ്യം ഒളിംപിക് യോഗ്യത നേടിയ താരമാണ് അണ്ടര്‍ 20 ലോക ചാമ്പ്യൻ കൂടിയായ അന്തിം പംഗല്‍.