ലക്‌നൗ: 13 മാസത്തിനിടെ സമാനമായ രീതിയിൽ കൊല്ലപ്പെട്ടത് ഒമ്പത് സ്ത്രീകൾ. എല്ലാവരെയും കണ്ടെത്തിയത് കരിമ്പിൻതോട്ടത്തിൽ സ്വന്തം സാരിയിൽ തൂങ്ങിമരിച്ച നിലയിൽ. ഇതോടെ ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഗ്രാമം സീരിയൽ കില്ലർ ഭീതിയിലായിട്ട് മാസങ്ങളായി. പ്രതിയെ കണ്ടുപിടിക്കാൻ പൊലീസ് പരക്കം പായുകയാണ്.
മരിച്ചവരുടെ സാരി തന്നെ ഉപയോഗിച്ച് അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറയുന്നു. അതിർത്തി പങ്കിടുന്ന ഷാഹി, ഷീഷ്ഗഡ്, ഷെർഗഡ് മേഖലകളിൽ കഴിഞ്ഞ വർഷം 40-55 വയസ് പ്രായമുള്ള എട്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ കരിമ്പിൻ തോട്ടങ്ങളിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. എന്നാൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ല. കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് കൊലപാതകങ്ങളും ജൂലായ്, ആഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ഓരോന്നും നവംബറിൽ രണ്ട് കൊലപാതകങ്ങളും നടന്നു. ഇതോടെ 300ഓളം അധിക പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. 14 സംഘങ്ങളായി തിരിഞ്ഞ് പട്രോളിംഗ് നടത്തുകയും അറിയപ്പെടുന്ന കുറ്റവാളികളെ നിരീക്ഷിക്കുകയും ചെയ്തു. പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ അറസ്റ്റിൽ. പിന്നീട് കൊലപാതകം നടക്കാത്തതുകൊണ്ട് നാട്ടുകാരും പൊലീസും ആശ്വാസത്തിൽ.
ആശങ്കയിലാഴ്ത്തിയ ഒമ്പതാം
കൊലപാതകം
ഇക്കഴിഞ്ഞ ജൂലായ് മൂന്ന്. ഹോസ്പുർ ഗ്രാമത്തിലെ 45കാരിയായ അനിതാ ദേവിയുടെ മൃതദേഹം കരിമ്പിൻ തോട്ടത്തിൽ കണ്ടെത്തി. രണ്ടിന് ബാങ്കിൽ പോയ
അനിതയുടെ മൃതദേഹം സ്വന്തം സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയതോടെ വീണ്ടും ആശങ്ക പടർന്നു.
രേഖാചിത്രങ്ങൾ
കൊലപാതകം നടന്ന പ്രദേശങ്ങളിലെ നിരവധി ആളുകളുമായി സംസാരിച്ചതിന് ശേഷം പൊലീസ് പ്രതികളുടേതെന്ന് സംശയിക്കുന്ന മൂന്ന് രേഖാചിത്രങ്ങൾ പുറത്തുവിട്ടു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.