mullaperiyar-dam
മുല്ലപ്പെരിയാര്‍ ഡാം (ഫയല്‍ ചിത്രം)

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മലയാളിയുടെ മനസ്സിലെ ആശങ്കയായി മാറിയിട്ട് കാലം കുറച്ചായി. നിലവിലെ ഡാം ഡീകമ്മിഷന്‍ ചെയ്ത് പുതിയതായി ഒന്ന് പണികഴിപ്പിക്കണമെന്ന ആവശ്യത്തിനും കാലപ്പഴക്കം ഒരുപാടുണ്ട്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനായി ഡിപിആറിന്റെ കരട് തയ്യാറായി. സംസ്ഥാന ജലസേചന വകുപ്പിന്റെ കണക്ക് അനുസരിച്ച് പുതിയ ഒരു ഡാം പണിയണമെങ്കില്‍ 1400 കോടി രൂപയാണ് ചെലവ് വരുന്നത്. കുറഞ്ഞത് എട്ട് വര്‍ഷമെങ്കിലും വേണം നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാന്‍.

ഇപ്പോള്‍ ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് 366 മീറ്റര് താഴെയാണ് പുതിയ ഡാമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ കരട് ഈ മാസം അവസാനത്തോടെ സംസ്ഥാന സര്‍ക്കാരിന് കൈമാറും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ കേരള സര്‍ക്കാര്‍ ഇത് രണ്ടാം തവണയാണ് ഡിപിആര്‍ തയ്യാറാക്കുന്നത്. 2011ല്‍ ആയിരുന്നു ആദ്യം ഡിപിആര്‍ തയ്യാറാക്കിയത്. അന്നത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 700 കോടി രൂപയായിരുന്നു പുതിയ ഡാം നിര്‍മിക്കാനുള്ള ചെലവ്.

13 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഡിപിആര്‍ തയ്യാറാകുമ്പോള്‍ പ്രതീക്ഷിക്കുന്ന ചെലവ് അന്നത്തേതിനെക്കാള്‍ ഇരട്ടിയായിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ കൂടി അനുവദിച്ചാല്‍ മാത്രമേ പുതിയ ഡാം പണിയാന്‍ സാധിക്കുകയുള്ളൂ. ഇത് പൂര്‍ത്തിയാകാന്‍ അഞ്ച് മുതല്‍ എട്ട് വര്‍ഷം വരെ സമയമെടുക്കും. നിലവില്‍ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മഴ കനത്തതോടെ ജലനിരപ്പ് 131.75 അടി വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 131.4 ആയി കുറഞ്ഞിട്ടുണ്ട്. 136 അടിയായി ജലനിരപ്പ് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാം ജലബോംബാണെന്നും ഡീകമ്മീഷന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും വിഷയം സഭ നിറുത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പിയും രാജ്യസഭയില്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.