കൊച്ചി: എറണാകുളത്ത് ലുലു ഗ്രൂപ്പ് പണികഴിപ്പിച്ച ഐ.ടി ടവറുകള്‍ (ഇരട്ടടവര്‍) ഈ വര്‍ഷം നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്മാര്‍ട് സിറ്റിയിലാണ് ടവറുകളുടെ പ്രവര്‍ത്തനം. രണ്ട് ടവറുകളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അവസാനവട്ട മിനുക്ക് പണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. 30 നിലയില്‍ നിര്‍മിച്ചിട്ടുള്ള ഇരട്ട ടവര്‍ കേരളത്തിലെ ഏറ്റവും വലിയ വാണിജ്യ കെട്ടിടമാണ്. കൊച്ചിയുടേയും കേരളത്തിന്റേയും മുഖച്ഛായ തന്നെ മാറ്റാന്‍ കെല്‍പ്പുള്ള പദ്ധതിയാണ് ലുലു ഗ്രൂപ്പ് സമ്മാനിച്ചിരിക്കുന്നത്.
15000 കോടി രൂപ മുതല്‍മുടക്കില്‍ പണിത ഐടി ടവറിന് കേരളത്തിലെ ഐടി രംഗത്തിന്റെ പുത്തന്‍ സാദ്ധ്യതകളിലേക്ക് വഴിതുറക്കാന്‍ കഴിയും. 150 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. അധികം വൈകാതെ തന്നെ ഐടി കമ്പനികളുമായി കരാറിലെത്താന്‍ കഴിയുകയും ചെയ്യും. വിവിധ കമ്പനികളുമായി കരാറിലെത്തുന്ന മുറയ്ക്ക് ബാക്കിയുള്ള നിര്‍മാണം അവരുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ രീതിയില്‍ ആയിരിക്കും പൂര്‍ത്തിയാക്കുക.
ഐടി ടവറിന് 34.54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ടെങ്കിലും 25.5 ലക്ഷം ചതുരശ്ര അടിയായിരിക്കും ലീസിന് നല്‍കുക. മൂന്ന് ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഒരേ സമയം 4250 ലേറെ കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഇതിലെ 3000 കാറുകള്‍ക്ക് റോബോട്ട് കാര്‍പാര്‍ക്കിംഗ് സൗകര്യവും ലഭിക്കും. നവംബര്‍ മാസത്തോടെ ലുലു ഇന്‍ഫ്രാ ബില്‍ഡ് ഇരട്ട ടവറുകളുടെ ഉദ്ഘാടനമുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലുലു ഐ.ടി ഇന്‍ഫ്രബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച കെട്ടിടത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഐടി ടവറുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ സംസ്ഥാനത്തിന്റെ ഐടി തലസ്ഥാനമെന്ന പദവികൂടിയാണ് കൊച്ചി ലക്ഷ്യമിടുന്നത്.സ്മാര്‍ട്ട് സിറ്റി കൊച്ചി രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ടവറുകളുടെ നിര്‍മാണം. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 25,000-30,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഫുഡ് കോര്‍ട്ട്, ക്രഷ്, ജിം, റീടെയ്ല്‍ സ്പേസ്, 100 ശതമാനം പവര്‍ ബാക്കപ്, സെന്‍ട്രലൈസ്ഡ് എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി എന്നീ സൗകര്യങ്ങളുണ്ടാകും.