rain
പ്രതീകാത്മക ചിത്രം | ഫോട്ടോ: കേരളകൗമുദി

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ്. ഞായറാഴ്ച അഞ്ച് ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഞായറാഴ്ച അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിങ്കളാഴ്ച മൂന്ന് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതെന്നാണ് മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ മൂന്ന് നാല് ദിവസമായി മാറി നില്‍ക്കുന്ന മഴയാണ് വീണ്ടും ശക്തമാകുന്നത്. മലയോര മേഖലയില്‍ ഉള്‍പ്പെടെ പ്രത്യേക ജാഗ്രത വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. അപകടസാദ്ധ്യത കൂടുതലുള്ള മേഖലയിലെ ജനങ്ങള്‍ അധികൃതര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ നല്‍കിയിരുന്നു. ലാ നിന പ്രതിഭാസം കൂടി ശക്തിപ്രാപിക്കാനുള്ള സാദ്ധ്യതയും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ പൊതുവേ ഈ മാസങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലായ് മാസത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതില്‍ കൂടുതല്‍ മഴ കേരളത്തില്‍ ലഭിച്ചിരുന്നു.