kerala
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താനും തലസ്ഥാനത്തിന് വ്യാപാര-വാണിജ്യ ഉപഗ്രഹനഗരം നിര്‍മ്മിക്കാനും ലക്ഷ്യമിട്ടുള്ള ഔട്ടര്‍ റിംഗ് റോഡിന്റെ ഇരുവശത്തുമായി എട്ട് സാമ്പത്തിക മേഖലകളിലായി വരുന്നത് 34,000 കോടിയുടെ വികസനപദ്ധതികള്‍. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 62.7കിലോമീറ്റര്‍ പാതയുടെ വശങ്ങളില്‍ ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ സോണുകളുമടക്കം ടൗണ്‍ഷിപ്പുകളും സാമ്പത്തിക-വാണിജ്യ-ലോജിസ്റ്റിക്‌സ്-ട്രാന്‍സ്പോര്‍ട്ട് സോണുകളുമുണ്ടാവും.

ഡല്‍ഹിക്ക് ഗുഡ്ഗാവ് എന്നപോലെ പാതയുടെ ഇരുവശത്തുമായി നോളഡ്ജ് ഹബുകള്‍, വ്യവസായ പാര്‍ക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, ആശുപത്രികള്‍ എന്നിവയോടെയാവും ഉപഗ്രഹനഗരം. രണ്ടരലക്ഷം തൊഴിലവസരങ്ങളുണ്ടാവും. ചൈനയിലെ ഷെന്‍സെങ് മാതൃകയും സ്വീകരിക്കും. റിംഗ് റോഡിനോട് ചേര്‍ന്ന് 414.59 ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതികള്‍. മലിനജല,? ഖരമാലിന്യ സംസ്‌കരണം, ഗതാഗതം, ജലവിതരണം, ഡ്രെയിനേജ് സംവിധാനം, വൈദ്യുതി വിതരണം, ടെലികമ്മ്യൂണിക്കേഷന്‍, വിവരസാങ്കേതിക വിദ്യ എന്നിവയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ കൂടും.

കേന്ദ്രത്തിന്റെ ക്യാപി?റ്റല്‍ റീജിയണല്‍ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് 45മീറ്റര്‍ വീതിയിലുള്ള റോഡ്. ദേശീയപാത അതോറിട്ടിയാണ് നിര്‍മ്മാണം. 24വില്ലേജുകളില്‍ 281.8ഹെക്ടര്‍ ഭൂമിയേറ്റെടുക്കണം. 11വില്ലേജുകളില്‍ വിജ്ഞാപനമിറക്കി. ഭൂമിയേറ്റെടുത്താല്‍ 3വര്‍ഷത്തിനകം റോഡ്. യാത്രയ്ക്ക് ടോള്‍ നല്‍കണം. മൂന്ന് വലിയ പാലങ്ങള്‍, 16ചെറിയപാലങ്ങള്‍, 5വയഡക്ടുകള്‍, 90അണ്ടര്‍പാസുകളോ

ഓവര്‍പാസുകളോ, 9ഫ്‌ലൈഓവറുകള്‍, 54 പൈപ്പ് കള്‍വര്‍ട്ടുകള്‍, 44ബോക്‌സ് കള്‍വര്‍ട്ടുകള്‍ എന്നിവ നിര്‍മ്മിക്കണം. റിംഗ് റോഡിന്റെ തുടര്‍ച്ചയായി കടമ്പാട്ടുകോണത്തു നിന്നാരംഭിക്കുന്ന കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയും നിര്‍മ്മിക്കുന്നതോടെ വിഴിഞ്ഞത്തു നിന്നുള്ള ചരക്കുനീക്കം കൂടുതല്‍ സുഗമമാകും.

30 വര്‍ഷത്തെ ആവശ്യം മുന്നില്‍ക്കണ്ട്


30വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് മികച്ച ആസൂത്രണത്തോടെയാവും ഉപഗ്രഹനഗര നിര്‍മ്മാണം

ബിസിനസ്,ആരോഗ്യം, കമ്മ്യൂണിക്കേഷന്‍, ഐ.ടി, വിനോദം,കായികം മേഖലകള്‍ 24 മണിക്കൂറും

ഭൂമിയേറ്റെടുക്കുന്നതിനുള്ള ലാന്‍ഡ്പൂളിംഗ്, ലാന്‍ഡ്‌ബോണ്ടുകള്‍, ലാന്‍ഡ് മോണി?റ്റൈസേഷന്‍ സമ്പ്രദായങ്ങള്‍

നോളഡ്ജ് സിറ്റി, വ്യവസായപാര്‍ക്കുകള്‍. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് കൈമാറില്ല

തുക കോടിയില്‍

8000
ഔട്ടര്‍റിംഗ് റോഡിന്റെ ചെലവ്


1629
സംസ്ഥാന വിഹിതം


477.30
സര്‍വീസ് റോഡുകളുടെ നിര്‍മ്മാണത്തിന്


930.41
ഭൂമിയേറ്റെടുക്കലിനുള്ള സംസ്ഥാനവിഹിതം

? സാമ്പത്തിക മേഖലകള്‍
വിഴിഞ്ഞം, കോവളം, കാട്ടാക്കട,നെടുമങ്ങാട്, വെമ്പായം, മംഗലപുരം,കിളിമാനൂര്‍, കല്ലമ്പലം

''പശ്ചാത്തല വികസനമേഖലയില്‍ വന്‍കുതിപ്പുണ്ടാവും. ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും''


-പി.എ.മുഹമ്മദ് റിയാസ്, മന്ത്രി