manish

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്‌മി പാ‌ർട്ടി നേതാവും ഡൽഹി മുൻ ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചു. സിബിഐയും ഇഡിയും രജി‌സ്‌റ്റർ ചെയ്‌ത കേസുകളിലാണ് സിസോദിയയ്‌ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. നീണ്ട ഒന്നരവർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. സിസോദിയ രാജ്യം വിട്ടുപോകുമെന്ന് കരുതാനാകില്ലെന്ന് സുപ്രീം കോടതി ജാമ്യം നൽകിയുള്ള വിധിയിൽ വ്യക്തമാക്കി. ഭരണകാര്യങ്ങളിൽ ഇടപെടാൻ സിസോദിയയെ അനുവദിക്കരുതെന്ന ഇഡിയുടെ വാദത്തെയും സുപ്രീം കോടതി തള്ളി.

പത്ത് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് കോടതി സിസോദിയയ്‌ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിസോദിയയുടെ പാസ്‌പോർട്ട് സമർപ്പിക്കാനും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സിസോദിയ ശ്രമിക്കെരുതെന്നും കോടതി ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.