കടുത്ത റേഡിയേഷനെ പിടിച്ചെടുത്ത് രാസോർജമാക്കുന്ന ഫംഗസ്. അതുവളരുന്നതോ മനുഷ്യർ കാരണം ആണവചോർച്ച ദുരന്തമുണ്ടായ പ്രദേശത്ത്. അതെ 1986ൽ അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായ ഇന്നത്തെ യുക്രെയിനിലെ ചെർണോബിലെ ദുരന്തമുണ്ടായ ഇടത്താണ് ആണവ വികിരണമായ ഗാമാ കിരണങ്ങളെ ആഗിരണം ചെയ്യുന്ന 'ക്രിപ്‌റ്റോകോക്കസ് നിയോഫോർമാൻസ്' എന്ന കറുത്ത കുമിളിനെ കണ്ടെത്തിയിരിക്കുന്നത്.
മനുഷ്യർ സൃഷ്‌ടിച്ച വൻ ദുരന്തം കാരണം മുറിവേറ്റിട്ടും സ്വയം ആ മുറിവിനെ അകറ്റാനുള്ള പ്രകൃതിയുടെ അപാരമായ കഴിവാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ജനങ്ങൾ കുമിളിനെക്കുറിച്ച് പ്രതികരിക്കുന്നത്. 1991ലാണ് ഈ കുമിളിനെ ആദ്യമായി ചെർണോബിൽ കണ്ടെത്തിയത്. ദുരന്തം നടന്ന് അഞ്ച് വർഷത്തിന് ശേഷമായിരുന്നു അത്.
ജോൺ ഹോപ്‌കിൻസ് സർവകലാശാലയും സ്‌റ്റാൻഫോർഡിലെ ഗവേഷകരും ചേർന്ന് ക്രിപ്‌റ്റോകോക്കസ് നിയോഫോർമാൻസിന്റെ നേർത്ത സാമ്പിളിന് ഗാമ വികിരണത്തെ രണ്ട് ശതമാനം തടയാൻ സാധിക്കുമെന്ന് 2020ൽ കണ്ടെത്തിയിരുന്നു. ഇതുവഴി ബഹിരാകാശ സഞ്ചാരികൾക്ക് അപകടകരമായ ഈ വികിരണത്തെ തടയാനുള്ള കവചം തയ്യാറാക്കാമെന്ന് അവർ കണ്ടെത്തിയത്. റേഡിയേഷനെ കുമിൾ എങ്ങനെ പ്രതിരോധിക്കും എന്നറിയാൻ 2019ൽ നാസ അന്താരാഷ്‌ട്ര സ്‌പെസ് സ്റ്റേഷനിൽ ഇതിന്റെ സാമ്പിൾ അയച്ചു. ചെടികൾ സൂര്യപ്രകാശത്തെ ആഗിരണം ചെയ്‌ത് ആഹാരമാക്കി മാറ്റുന്ന പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയ്‌ക്ക് സമാനമായ ഒന്നാണ് ഫംഗസിന്റെ പ്രവർത്തനം എന്ന് ഗവേഷകർ മനസിലാക്കി. റേഡിയോ സിന്തസിസ് എന്നാണ് നാസ ഗവേഷകർ ഇതിനെ വിളിച്ച പേര്.