-coffee

രാവിലെ ഉറക്കം എഴുന്നേറ്റാൽ കാപ്പിയോ ചായയോ പതിവാക്കിയവർ ഒരുപാട് പേരുണ്ട്. ബെഡ് കോഫീ കിട്ടാതെ ബെഡിൽ നിന്നും എഴുന്നേൽക്കാത്തവർ പോലുമുണ്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങൾ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.

കാപ്പിയിൽ വലിയ തോതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീന് നിങ്ങളുടെ മെറ്റബോളിക് നിരക്ക് വർദ്ധിപ്പിക്കാനും കൊഴുപ്പ് ഇല്ലതാക്കാനും സഹായിക്കുന്നു. രാവിലെ കാപ്പി കുടിക്കുന്നത് മാനസിക ഉണർവും ഏകാഗ്രതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല, കാപ്പിയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് വീക്കത്തെ ചെറുക്കാനും സഹായിക്കും.

ഗുണത്തേപ്പോലെ തന്നെ ദോഷങ്ങളും കാപ്പിക്കുണ്ട്. കാപ്പിയിൽ അസിഡിറ്റി ഉള്ളതിനാൽ വയറ്റിലെ ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കും, ഇത് ഗ്യാസ്‌ട്രൈറ്റിസിന് കാരണമാകും. ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് നിങ്ങളുടെ ശരീരത്തിൽ വിവിധ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഒഴിഞ്ഞ വയറിൽ കാപ്പി കുടിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നതായി തോന്നിയാൽ, ചെറിയ സ്നാക്കുകളോ ലഘുഭക്ഷണമോ ആ സമയത്ത് ചേർക്കാൻ ശ്രമിക്കുക. നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നെന്ന് പ്രത്യേകം ശ്രദ്ധിക്കുക. വയറുവേദനയോ മറ്റ് പ്രതികൂല ഫലങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ, ഒഴിഞ്ഞ വയറ്റിൽ കാപ്പി ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. നിർജ്ജലീകരണം തടയാൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക, കാരണം കാപ്പിയിൽ ഡൈയൂററ്റിക്കുകൾ അടങ്ങിയിരിക്കുന്നു.