താരൻ, മുടി കൊഴിച്ചിൽ, നര എന്നിവ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായമാകുന്നതിനനുസരിച്ച് മുടി നരയ്ക്കാറുണ്ടെങ്കിലും കൗമാര പ്രായത്തിൽ തന്നെ നര വരുന്നത് പലരിലും മാനസികമായും സമ്മർദ്ദമുണ്ടാക്കുന്നു. നരമാറാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് കൃത്രിമ ഡൈകളെയാണ്, എന്നാൽ ഇത് മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം. എന്നാൽ മുടി വളർച്ച കൂടാനും നര മാറുന്നതിനും ചില പ്രകൃതിദത്ത വഴികളുണ്ട്. ഈ ആയുർവേദ എണ്ണ തയ്യാറാക്കുന്നത് എങ്ങനെയെന്നും ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
നെല്ലിക്കപ്പൊടി - 2 ടേബിൾസ്‌പൂൺ
കാപ്പിപ്പൊടി - 2 ടേബിൾസ്‌പൂൺ
കരിംജീരകം - 1 ടേബിൾസ്‌പൂൺ
ഉലുവ - 1 ടേബിൾസ്‌പൂൺ
വെളിച്ചെണ്ണ / കടുകെണ്ണ - 500 മില്ലി
മൈലാഞ്ചിപ്പൊടി - 1.5 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
പൊടികളെല്ലാം മിക്‌സിയുടെ ജാറിലെടുത്ത് അതിലേക്ക് ഉലുവയും കരിംജീരകവും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ അല്ലെങ്കിൽ കടുകെണ്ണ ചേർത്ത് നന്നായി ചൂടാക്കുക. തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് പൊടിച്ചെടുത്ത കൂട്ട് ചേർക്കണം. എണ്ണയ്‌ക്ക് നല്ല കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കണം.
ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഈ എണ്ണ തലയോട്ടിയിലും മുടിയിലും പുരട്ടുക. ആഴ്‌ചയിൽ മൂന്ന് ദിവസം ഉപയോഗിക്കുന്നതാണ് ഉത്തമം. എണ്ണ കഴുകി കളയാൻ വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിക്കാവുന്നതാണ്.