പുക പരിശോധനയുമായി ബന്ധപ്പെട്ട പുതിയ കേന്ദ്ര നിയമം വാഹനയുടമകൾക്ക് ഇരുട്ടടിയാകുന്നു. മുൻപ് പുക പരിശോധിച്ച കേന്ദ്രത്തിൽനിന്നു വിളിവരുന്നതിനസുരിച്ച് വണ്ടിയുമായെത്തി ആറു മാസത്തേക്കുള്ള സർട്ടിഫിക്കറ്റ് വാങ്ങുന്ന രീതി മാറിയതോടെ സർട്ടിഫിക്കറ്റുമായി പോകാൻ സാധിക്കാത്ത അവസ്ഥയാണ്.
ഭാരത് സ്റ്റേജ് (ബി.എസ്) 4, 6 വിഭാഗങ്ങളിൽ വരുന്ന പെട്രോൾ വാഹനങ്ങളു ടെ മലിനീകരണം വിലയിരുത്തുന്നതിനായി ലാംഡ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നെങ്കി ലും സംസ്ഥാനത്ത് കാര്യക്ഷമമായിരുന്നില്ല. എന്നാൽ മൂന്നുമാസം മുമ്പ് കേന്ദ്രം ഇക്കാര്യത്തിൽ ശക്തമായ നിലപാട് എടുത്തു. മുമ്പ് പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിച്ചിരുന്നുവെങ്കിൽ ഇപ്പോൾ പരാജയനിരക്ക് 10 മുതൽ 25 ശതമാനം വരെയാണ്. അഞ്ചുവർഷത്തിനു മേൽ പഴക്കമുള്ള മിക്ക വാഹനങ്ങൾക്കും പുതിയ പരിശോധനാ രീതി തിരിച്ചടിയാണ്.
ലാംഡ ടെസ്റ്റ്
വാഹനങ്ങളിലെ ശരിയായ ഇന്ധന ജ്വലനവും അതുവഴിയുള്ള പുക പുറന്തള്ളലും സംബന്ധിച്ചുള്ള പരിശോധന. എൻജിന്റെ സിസി പോലുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ലാംഡ ടെസ്റ്റ് എമിഷൻ അളവ് നിർണ്ണയിക്കുന്നത്.അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ് 4 പെട്രോൾ ഇരുചക്ര,നാലുചക്ര വാഹനങ്ങളിൽ കാർബൺമോണോക്‌സൈഡ് കറക്ഷൻ ചെയ്യുന്നത്. ഇന്ധനജ്വലനത്തിൽ പോരായ്മയുണ്ടെങ്കിൽ വാഹനങ്ങൾ പുക പരിശോധനയിൽ പരാജയപ്പെടും . എയർഫിൽട്ടർ, സ്പാർക്ക്പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളിൽ മാറാതിരിക്കുമ്പോഴും കാർബറേറ്ററിൽ ബ്ലോക്കുണ്ടാകുമ്പോഴും മലിനീകരണ തോതു കൂടും. പരാജയപ്പെടുന്ന വാഹനങ്ങൾ സർവീസ് നടത്തി ശരിയാക്കിയെടുത്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കു.
ടെസ്റ്റിൽ തോറ്റാലും ഫീസ്
ടെസ്റ്റിൽ പരാജയപ്പെട്ടാലും ഉടമകളിൽനിന്നു പുക പരിശോധനാ കേന്ദ്രങ്ങൾ പണം വാങ്ങുന്നുണ്ട്. സർട്ടിഫിക്കറ്റിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു ലഭിക്കുമ്പോഴാണ് പരാജയപ്പെട്ടതായി അറിയുന്നത് സമയം നഷ്ടപ്പെടുത്തി സർവീസ് ചെയ്തതിന്റെ പേരിലാണ് തുക ഈടാക്കുന്നത്.സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു വീണ്ടും ടെസ്റ്റ് നടത്താൻ വൻ സാമ്പത്തിക ചെലവാണ് വരുന്നത്. കാർബറേറ്റർ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബൈക്കിന് 1000 രൂപ വരെയും കാറിനു 3000 രൂപവരെയും ചെലവു വരും
പിഴ വേറെ
പരിശോധനയിൽ പരാജയപ്പെടുന്നതിലേറെയും അഞ്ചു വർഷത്തിനു മേൽ പഴക്കമുള്ള വാഹനങ്ങളാണ്. പുക സർട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ നിലവിൽ 2000 രൂപ പിഴയടക്കണം ഇത് പതിനായിരമായി ഉടൻ ഉയരും.
പരിശോധനാ കേന്ദ്രങ്ങളെ തകർക്കുന്ന പരിഷ്കാരം
ഗതാഗത വകുപ്പിലെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ നിമിത്തം സ്ഥാപന നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന പരാതിയുമായി വാഹന പുക പരിശോധന കേന്ദ്രങ്ങളുടെ ഉടമകളും രംഗത്തുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കുത്തക കമ്പനികൾക്ക് ഈ രംഗത്തേക്ക് കടന്നുവരാൻ അവസരമൊരുക്കുന്ന പരിഷ്കാരം വന്നത്. ഉത്തരവുകൾ റദ്ദാക്കാൻ ഗതാഗതവകുപ്പ് മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് വെഹിക്കിൾ എമിഷൻ ടെസ്റ്റിംഗ് ഓണേഴ്സ് അസോസിയേഷൻ രംഗത്തു വന്നിട്ടുണ്ട്.