temple

കോഴിക്കോട്‌ ജില്ലയിലെ ചേളന്നൂർ എന്ന സ്ഥലത്താണ്‌ കേരളത്തിലെ സുപ്രസിദ്ധ തന്ത്രി പരമ്പരയും, കുട്ടിച്ചാത്തൻ ഉപാസകരുമായ ചാത്തനാട്‌ ഇല്ലം സ്ഥിതി ചെയ്യുന്നത്‌. നമ്പൂതിരി ഗ്രാമങ്ങളിലെ 21 ദേശത്തിലെ രാമല്ലൂർ ഗ്രാമത്തിലാണ്‌ ചാത്തനാട്‌ ഇല്ലം സ്ഥിതി ചെയ്യുന്നത്‌.ദശാവതാര ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ്‌ രാമല്ലൂർ. ഇവർ വസിഷ്ഠ ഗോത്രക്കാരാണ്‌ . യജുർവ്വേദികളാണിവർ. തളിപ്പറമ്പ്‌ ഇരവേശ്ശി പുടയൂർ ഇല്ലക്കാരാണ്‌ ഇവരുടെ ഓതിക്കൻ. മേൽപ്പള്ളിക്കാരാണ്‌ ഇവരുടെ വൈദികൻ. കോഴിപ്പറമ്പ്‌, കോങ്ങാട്‌ തുടങ്ങി നാലോളം ഇല്ലങ്ങൾ ചാത്തനാട്‌ ഇല്ലത്തിൽ ലയിച്ചിട്ടുണ്ട്‌.

തളിപ്പറമ്പ്‌ ഒഴലൂർ പാതിരിശ്ശേരി ഇല്ലത്തെ ഒരു ശാഖ പാടേരി ആയെന്നും, പാടേരി ഇല്ലത്തെ ഒരു ശാഖ ചാത്തനാട്‌ ഇല്ലമായി മാറി എന്നും ഐതിഹ്യം.മുന്നൂറിലധികം ക്ഷേത്ര/ കാവുകളിൽ ഇവർക്ക്‌ തന്ത്രമുണ്ട്‌. രാമചന്ദ്രൻ നമ്പൂതിരിപ്പാട്‌, ശങ്കരൻ നമ്പൂതിരിപ്പാട്‌ എന്നീ നാമങ്ങൾ ഇല്ലത്തെ പ്രഥമ നാമങ്ങളാണ്‌.ചാത്തനാട്‌ ഇല്ലം നിൽക്കുന്ന ഭൂമിയെല്ലാം ഒരു കാലത്ത്‌ സാമൂതിരിയുടെ കീഴിലായിരുന്നു. സാമൂതിരി ചാത്തനാട്‌ ഇല്ലക്കാർക്ക്‌ ഇഷ്ടദാനം നൽകിയ ഭൂമിയാണിത്‌.

ചാത്തനാട്‌ ഇല്ലത്തെ കുട്ടിച്ചാത്തന്മാർ -

കുട്ടിച്ചാത്തൻ ജന്മം കൊണ്ട, കുട്ടിച്ചാത്തന്റെ മൂലസ്ഥാനമായ കാളകാട്‌ ഇല്ലത്ത്‌ നിന്ന് ചാത്തനാട്‌ ഇല്ലത്തെ ഒരു കാരണവരുടെ കൂടെ നൂറ്റാണ്ടുകൾക്ക്‌ മുമ്പേ വന്നതാണ്‌ കുട്ടിച്ചാത്തൻ എന്ന് ഐതിഹ്യം. കാട്ടുമാടം, കല്ലൂർ, കാളകാട്‌, പാടേരി, പാതിരിശ്ശേരി, ചാത്തനാട്‌ എന്നീ ഇല്ലക്കാർ കുട്ടിച്ചാത്തൻ ഉപാസനയിൽ സുപ്രസിദ്ധരാണ്‌. തീക്കുട്ടി, കരിങ്കുട്ടി , പൂക്കുട്ടി എന്നീ ദേവതകളെയാണ്‌ ചാത്തനാട്‌ ഇല്ലക്കാർ ആരാധിക്കുന്നത്‌. സാത്വിക മന്ത്രവാദവും ഉണ്ടിവർക്ക്‌. ഉത്തമത്തിലാണ്‌ പൂജകൾ എല്ലാം. ഇവിടുത്തെ കുട്ടിച്ചാത്തന്മാർ വിളിച്ചാൽ വിളിപ്പുറത്താണ്‌. ഇല്ലക്കാർക്കും, പരിസരവാസികൾക്കും, മറ്റനേകം പേരും കുട്ടിച്ചാത്തന്മാരുടെ ശക്തി തിരിച്ചറിഞ്ഞവരാണ്‌.

ചാത്തനാട്‌ ഇല്ലത്തിന്റെ സകല ഐശ്വര്യത്തിനും കാരണം കുട്ടിച്ചാത്തന്മാരാണ്‌. ഇവിടുത്തെ കുട്ടിച്ചാത്തന്മാരുടെ ശക്തി വിളിച്ചോതുന്ന അനവധി കഥകളുണ്ട്‌. പണ്ട്‌ വയനാട്‌ കാട്ടിൽ അതി ഭയങ്കരമായ തീപ്പിടുത്തമുണ്ടായി. ചാത്തന്മാരുടെ ലീലയാണെന്ന് മനസിലാക്കിയ ആളുകൾ ചാത്തനാട്‌ ഇല്ലത്തേക്ക്‌ അറിയിപ്പ്‌ വരികയും, ഇവിടുത്തെ കാരണവർ അവിടെ ചെന്ന് ആ തീയ്യിന്‌ കാരണക്കാരനായ ചാത്തനായ തീക്കുട്ടിയെ ഒരു തേങ്ങയിൽ ആവാഹിച്ച്‌ ഇല്ലത്തേക്ക്‌ കൊണ്ടു വരികയും പിന്നീട്‌ ആ ശക്തിയെ വിഗ്രഹത്തിലേക്ക്‌ ആവാഹിച്ച്‌ പ്രതിഷ്ഠ നടത്തുകയും ചെയ്തു . ആവാഹിച്ച്‌ കൊണ്ടു വന്ന തേങ്ങ ഇല്ലപ്പറമ്പിൽ കുഴിച്ചിടുകയും , അത്‌ മൂന്ന് തെങ്ങായി മാറുകയും ചെയ്തു. ഈ മൂന്നു തെങ്ങ് കണ്ടവർ ഇന്നുമുണ്ട്.

ഇല്ലത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ പണ്ടൊരു പടിപ്പുര ഉണ്ടായിരുന്നു. പടിപ്പുരയോട്‌ ചേർന്ന് ഒരു മുത്തശ്ശിയുടെ പാടവും ഉണ്ടായിരുന്നു. ആ പാടത്ത്‌ കൃഷിയിറക്കാൻ പറ്റാതായ ഒരു സമയം ഉരുത്തിരിഞ്ഞു വരികയും അതിൽ വിഷണ്ണയായ മുത്തശ്ശി ഇവിടുത്തെ കുട്ടിച്ചാത്തന്മാരോട്‌ പ്രാർത്ഥിക്കുകയും ചെയ്തു. പിറ്റേന്ന് നേരം വെളുത്ത്‌ നോക്കിയപ്പോൾ പാടത്ത്‌ ഞാറ്‌ നട്ടിരിക്കുന്നു. എല്ലാം കുട്ടിച്ചാത്തന്മാരുടെ ലീലയായിരുന്നു. അത്‌ കഴിഞ്ഞ്‌ പോണ വഴി അവർ പടിഞ്ഞാറ്‌ ഭാഗത്തുള്ള പടിപ്പുര കത്തിക്കുകയും ചെയ്തു. കുസൃതിക്ക്‌ യാതൊരു കുറവുമില്ലാത്തവരാണല്ലൊ ഇവർ. ആ തീപ്പിടിച്ച പടിപ്പുര കണ്ടവർ ഇന്നും ഇല്ലത്തുണ്ട്‌. ഇങ്ങനെ അനവധിയാണ് ചാത്തന്റെ ലീലകൾ.

പന്ത്രണ്ടോളം ഏക്കർ ഭൂമിയിലാണ്‌ ചാത്തനാട്‌ ഇല്ലം സ്ഥിതി ചെയ്യുന്നത്‌. ഇരുനൂറോളം വർഷം പഴക്കം ഉണ്ടാകും ഈ ഇല്ലത്തിന്‌. പതിനാറ്‌ കെട്ട്‌ ആയിരുന്നു പണ്ടീ ഇല്ലം. അനവധി മുറികളും, അഗ്രശാലയും, നാടകശാലയും , അന്നുണ്ടായിരുന്നു. പണ്ട്‌ കിഴക്കും , പടിഞ്ഞാറും പടിപ്പുരയുണ്ടായിരുന്നു .ഇന്ന് ഏഴോളം മുറികളും, പുറത്താളവും, നീളൻ ഇടനാഴിയും,വരാന്തയും, മൂന്ന് നിലകളിലായുള്ള ഇല്ലമാണിത്‌. മൂന്നാമത്തെ നിലയിൽ ഒരാൾ ഉയരമുള്ള തട്ടിൻപ്പുറമാണ്‌. ഇല്ലപ്പറമ്പിൽ നാലോളം കിണറുകളും, ഒരു കുളവും, പശുത്തൊഴുത്തും ഉണ്ട്‌. കൃഷിക്ക്‌ പ്രാധാന്യം കൊടുക്കുന്നുണ്ടിവർ. ഭൂമി കൃഷിയാവശ്യത്തിനായി വൃത്തിയായി ഉപയോഗിച്ചിട്ടുണ്ട്‌.

ചാത്തനാട്‌ ഇല്ലക്കാരുടെ ഗ്രാമദേവത ശ്രീരാമനാണ്‌. പരദേവത കുട്ടിച്ചാത്തന്മാരാണ്‌. ഈ ചാത്തന്മാരുടെ എല്ലാം കടിഞ്ഞാൺ ഇല്ലത്തെ ഭഗവതിയ്ക്കാണ്‌.ഭഗവതിയ്ക്കും അതീവ പ്രാധാന്യമുണ്ട്‌ . ഇല്ലത്തിൽ നിന്ന് ഏകദേശം ഒന്നരകിലോമീറ്റർ അകലെയായി വെള്ളാംകൂർ ഭഗവതി/ കുട്ടിച്ചാത്തന്മാർ കാവിലാണ്‌ ഇവരുടെ പ്രതിഷ്ഠയുള്ളത്‌. പണ്ടീ കാവ്‌ നിൽക്കുന്ന ഭൂമി അന്യംവന്ന് നശിച്ച ഒരില്ലം ആയിരുന്നു , അത്‌ പിന്നീട്‌ സാമൂതിരിയുടെ കയ്യിലാവുകയും, സാമൂതിരി ആ ഭൂമി ചാത്തനാട്‌ ഇല്ലക്കാർക്ക്‌ നൽകുകയായിരുന്നു .എല്ലാ വർഷവും കാവിൽ ഭഗവതിയ്ക്ക്‌ തെയ്യം പതിവുണ്ട്‌.ഭഗവതി, കുട്ടിച്ചാത്തന്മാർക്ക്‌ നിത്യ പൂജയുണ്ട്‌, അവിൽ ശർക്കര നിവേദ്യവും ദിവസേനയുണ്ട്‌. മകര ചൊവ്വയ്ക്ക്‌ കുട്ടിച്ചാത്തന്മാർക്ക്‌ തെയ്യം ഉണ്ട്‌ .ഈ ഉത്സവം ഗംഭീരമാണ്‌. അനവധി ദേശങ്ങളിൽ നിന്ന് ധാരാളം പേർ ഈ ഉത്സവം കാണാനായി വരും . ശ്രീലകത്ത്‌ തേവാരമൂർത്തിയായി ശിവലിംഗം,സാളഗ്രാമങ്ങൾ എന്നീ മൂർത്തികൾ ഉണ്ട്‌. നിത്യേന പൂജ പതിവുണ്ട്‌.ഇല്ലത്തൊടിയിൽ ഭദ്രകാളി/ ചാമുണ്ഡി ക്ഷേത്രമുണ്ട്‌. അവിടെ എന്നും ഒരു നേരം പൂജയുണ്ട്‌. വർഷത്തിലൊരിക്കൽ പാട്ട്‌ നടക്കാറുള്ള വേട്ടക്കൊരു മകൻ ശ്രീകോവിലും ഇല്ലത്തിനടുത്തായി ഉണ്ട്‌. ശ്രീകോവിലിനോട്‌ ചേർന്ന് പാട്ടുപുരയും ഉണ്ട്‌.അത്‌ പോലെ തന്ത്രവും ഊരാണ്മയും ഉള്ള മത്സ്യാവതാര മൂർത്തി ക്ഷേത്രം,കോട്ടൂളി വിഷ്ണു ക്ഷേത്രം ( ഊരാണ്മ ) എന്നിവ ഇവർക്കുണ്ട്‌ . ഇല്ലത്തൊടിയിൽ ഉള്ള നാഗക്കോട്ടയിൽ എല്ലാ വർഷവും സർപ്പപൂജ പതിവുണ്ട്‌.വെള്ളാംകൂർ കാവിൽ ചാത്തനാട്‌ ഇല്ലത്തെ അംഗങ്ങളാണ്‌ പൂജ ചെയ്യാറ്‌. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഒരു കുറവും വരുത്താതെ ഇല്ലത്തെ അംഗങ്ങൾ മൂർത്തികളെ സംരക്ഷിക്കുന്നുണ്ട്‌.