തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും വെങ്കല മെഡലിൽ മുത്തമിട്ട് ഇന്ത്യൻ ഹോക്കി ടീമിന്റെ വിശ്വസ്തനായ ഗോളി പി.ആർ ശ്രീജേഷ് കളിക്കളത്തോട് വിടപറഞ്ഞിരിക്കുന്നു. ഇന്ത്യൻ കായിക രംഗത്തിന് കേരളം സമ്മാനിച്ച എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്നയാളാണ് എറണാകുളം കിഴക്കമ്പലം പാറോട്ടുവീട്ടിൽ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകൻ ശ്രീജേഷ് എന്ന 36കാരൻ. രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടിയ ഏക മലയാളി എന്ന അഭിമാനനേട്ടവുമായാണ് 18 വർഷക്കാലം നെഞ്ചോടൊട്ടിക്കിടന്ന ഇന്ത്യൻ ജഴ്സി ശ്രീജേഷ് അഴിച്ചുവയ്ക്കുന്നത്. ഒളിമ്പിക്സിനായി പാരീസിൽ എത്തിയപ്പോഴാണ് തന്റെ ആദ്യ ഇന്ത്യൻ ജഴ്സിയും പാരീസിലെ ജഴ്സിയും കൈയിലേന്തിയുള്ള ചിത്രത്തോടൊപ്പം ശ്രീജേഷ് സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്.
2004-ൽ ഇന്ത്യൻ ജൂനിയർ ടീം അംഗമായ ശ്രീ 2006-ലാണ് സീനിയർ ടീമിലെത്തിയത്. 2008-ലെ ജൂനിയർ ഏഷ്യാ കപ്പിൽ ഏറ്റവും മികച്ച ഗോൾ കീപ്പറായി. ആ ടൂർണമെന്റിൽ പാകിസ്ഥാനെതിരെ നടത്തിയ അവിസ്മരണീയ പ്രകടനത്തിലൂടെ ശ്രീജേഷ് ഇന്ത്യൻ ഹോക്കി ലോകത്ത് ചർച്ചാവിഷയമായി. തുടർന്ന് ഗോൾവലയ്ക്കു കീഴെ ഒരു വന്മതിൽ പോലെ സ്ഥിരതയോടെ വർഷങ്ങൾ പിന്നിട്ടു. പലതവണ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരങ്ങൾ ശ്രീജേഷ് സ്വന്തമാക്കി. രണ്ട് ഏഷ്യൻ ഗെയിംസുകളിലും നാല് ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും സ്വർണമണിഞ്ഞു. 2016 റിയോ ഒളിമ്പിക്സിൽ ഉൾപ്പടെ നിരവധി മത്സരങ്ങളിൽ ഇന്ത്യൻ നായകനായി. 2021-ൽ ടോക്യോയിൽ 41 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക് മെഡലിൽ മുത്തമിട്ടപ്പോൾ അതിന് മുഖ്യകാരണക്കാരിൽ ഒരാളായി.
ടോക്യോയിൽ ജർമ്മനിക്ക് എതിരെ വെങ്കല മെഡലിനായുള്ള മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ ശ്രീജേഷിന്റെ മിന്നുന്ന സേവുകളാണ് ഇന്ത്യയെ ജേതാക്കളാക്കിയത്. അതേ ജർമ്മനിക്കെതിരെ പാരീസ് ഒളിമ്പിക്സിന്റെ സെമിയിൽ തോറ്റുപോയെങ്കിലും ലൂസേഴ്സ് ഫൈനലിൽ സ്‌പെയിനിനെ മറികടന്ന് വീണ്ടുമൊരു വെങ്കല വീരഗാഥയെഴുതി. തന്റെ അവസാന മത്സരത്തിനു ശേഷം ഗ്രൗണ്ടിൽ വീണ് ചുംബിച്ച ശ്രീജേഷിനെ സഹതാരങ്ങൾ ഹോക്കി സ്റ്റിക്കുകൊണ്ട് ഗാർഡ് ഒഫ് ഓണർ നൽകിയാണ് ആദരിച്ചത്. ഒരു കളിക്കാരന് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ യാത്രഅയപ്പാണ് ശ്രീജേഷിനു ലഭിച്ചത്. അവസാന ടൂർണമെന്റിലും അതുല്യമായ പ്രകടനമാണ് ശ്രീജേഷ് കാഴ്ചവച്ചത്. പ്രത്യേകിച്ച്, ഗ്രേറ്റ്ബ്രിട്ടന് എതിരായ ക്വാർട്ടർ ഫൈനലിൽ. എതിരാളികളുടെ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തട്ടിത്തെറിപ്പിച്ച ശേഷം ഗ്രൗണ്ടിൽ ഇരുന്നുകൊണ്ട് തുള്ളിച്ചാടിയ ശ്രീജേഷിന്റെ ദൃശ്യം ഇന്ത്യൻ ഹോക്കി ആരാധകരുടെ മനസിൽ എക്കാലവും നിലനിൽക്കും.
ചുവപ്പു പരവതാനി വിരിച്ച പാതയിലൂടെയല്ള ശ്രീജേഷ് കായികരംഗത്തേക്ക് കടന്നുവന്നത്. ഇന്ത്യൻ ക്യാമ്പിൽ ആദ്യമായി എത്തുമ്പോൾ കീപ്പിംഗ് പാഡിൽ സ്ട്രാപ്പ് വയ്ക്കാനുള്ള പണമില്ലാത്തതിനാൽ കയറുകൊണ്ട് കെട്ടിവെച്ചതിന് ശ്രീജേഷ് ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട്. കർഷകനായ പിതാവിന് കുടുംബത്തിന്റെ വരുമാനമാർഗമായ പശുവിനെയാണ് മകന് ഹോക്കി ഉപകരണങ്ങൾ വാങ്ങാൻ വേണ്ടി വിൽക്കേണ്ടിവന്നത്. താൻ കടന്നുവന്ന വഴികളൊന്നും മറക്കുന്നില്ല എന്നതാണ് ശ്രീയുടെ മഹത്വം വർദ്ധിപ്പിക്കുന്നത്. കളിക്കാരനെന്ന നിലയിൽ വിരമിക്കുകയാണെങ്കിലും ശ്രീയുടെ സാന്നിദ്ധ്യം ഇന്ത്യൻ ഹോക്കിയിൽ നിന്ന് മായുന്നില്ല. പരിശീലകനായി ഇന്ത്യൻ ജൂനിയർ ടീമിനൊപ്പമുണ്ടാകും എന്നാണ് അറിയുന്നത്. കളിക്കാരനെന്ന നിലയിൽ നേടിയതിൽ കൂടുതൽ കോച്ചായി ഭാവി തലമുറയ്ക്ക് നേടിക്കൊടുക്കാൻ ശ്രീജേഷിന് കഴിയട്ടെ.