bidhu

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മാനസിക പിന്തുണയ്‌ക്കായി പ്രത്യേക കൗൺസലിംഗ് സെൽ രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു കളക്ടറേറ്റിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹിക നീതിവകുപ്പിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് സെൽ. ക്യാമ്പുകളിലും ബന്ധുവീടുകളിലുമടക്കം കഴിയുന്നവർക്ക് കൗൺസലിംഗ് നൽകും. ടെലി കൗൺസലിംഗ് സേവനവും ലഭ്യമാക്കും.

നേരിട്ടോ അല്ലാതെയോ ദുരന്തത്തിനിരയായ വിദ്യാർത്ഥികൾക്ക് 'എക്സാം ഓൺ ഡിമാൻഡ്" സംവിധാനം നടപ്പാക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകി. ദുരന്താഘാതത്തിൽ നിന്ന് മോചിതരാകാത്ത വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന സമയത്ത് സെമസ്റ്റർ പരീക്ഷ നടത്തുന്നതാണ് സംവിധാനം. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വേഗത്തിൽ നൽകാൻ അദാലത്ത് സംഘടിപ്പിക്കും.

നഷ്ടപരിഹാര നടപടി ക്രമീകരിക്കാൻ കൽപ്പറ്റ ഗവ. കോളേജിൽ പ്രത്യേക സെൽ (ഫോൺ 9496810543) സജ്ജമാക്കി. നഷ്ടപ്പെട്ട പോളിടെക്നിക് സർട്ടിഫിക്കറ്റുകൾ ദിവസങ്ങൾക്കകം നൽകാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും. നഷ്ടമായ പാഠപുസ്തകവും ലാപ്‌ടോപ്പടക്കമുള്ള ഡിജിറ്റൽ പഠനസാമഗ്രികളും നൽകും. ദുരന്തത്തിനിരയായ കോളേജ് വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ് മുഖേന മൊബൈൽ ഫോൺ നൽകും.

 150 വീടുകൾക്ക് സൗജന്യ വയറിംഗ്

എൻ.എസ്.എസ് നിർമ്മിക്കുന്ന 150 വീടുകളുടെ വയറിംഗ് സൗജന്യമായി ചെയ്യാമെന്ന് ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസർ ആൻഡ് കോൺട്രാക്ടേഴ്സ് ഏകോപനസമിതി അറിയിച്ചതായും മന്ത്രി പറഞ്ഞു. ദുരന്തബാധിത മേഖലയിലെ വൃദ്ധരെയും ഭിന്നശേഷിക്കാരെയും സംരക്ഷിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ വയനാട്ടിലുള്ള കെയർ ഹോമുകളിൽ താമസ സൗകര്യമൊരുക്കും. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ സ്ഥാപനങ്ങളും പുരനധിവാസത്തിനായി ഉപയോഗിക്കും. സഹായ ഉപകരണങ്ങൾ നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് അവ ലഭ്യമാക്കും. മന്ത്രി ഒ.ആർ. കേളു, കോളേജ് എഡ്യൂക്കേഷൻ ഡയറക്ടർ കെ. സുധീർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ദിനേശ്, എൻ.എസ്.എസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. ആർ.എൻ. അൻവർ, ഒ.സി.ബി ചെയർമാൻ അലി അബ്ദുള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.