education

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മാനസിക പിന്തുണ നൽകുന്നതിനായി പ്രത്യേക കൗൺസലിങ് സെൽ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കളക്ടറേറ്റിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക നീതി വകുപ്പിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പ്രത്യേക സെൽ പ്രവർത്തിക്കുക. ക്യാമ്പുകളിൽ കഴിയുന്നവർക്കു പുറമെ, ബന്ധുവീടുകളിലും മറ്റും കഴിയുന്നവർക്കും കൗൺസലിംഗ് ലഭ്യമാക്കുന്നതിന് സംവിധാനം ഏർപ്പെടുത്തും. ആവശ്യാനുസരണം ടെലി കൗൺസലിംഗ് സേവനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് 'എക്സാം ഓൺ ഡിമാൻഡ്' സംവിധാനം

നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാർത്ഥികൾക്ക് 'എക്സാം ഓൺ ഡിമാൻഡ്' സംവിധാനം നടപ്പിലാക്കാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സർവ്വകലാശാലകൾ സെമസ്റ്റർ പരീക്ഷകൾ നടത്തുന്ന ഘട്ടത്തിൽ, ദുരന്തത്തിന്റെ ആഘാതത്തിൽനിന്നും മോചിതരാകാത്ത കുട്ടികൾക്കുവേണ്ടി അവർ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകൾ നടത്തുന്നതാണ് സംവിധാനം.

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ എത്രയും വേഗം നൽകാൻ അദാലത്തുകൾ സംഘടിപ്പിക്കും. സർട്ടിഫിക്കറ്റുകൾ സർവ്വകലാശാലകളിൽ പ്രത്യേകം സെല്ലുകൾ തയ്യാറാക്കും. വിദ്യാർത്ഥികൾക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാര നടപടികൾ ക്രമീകരിക്കാൻ കൽപ്പറ്റ ഗവ കോളേജിൽ പ്രത്യേക സെൽ (ഫോൺ 9496810543) സജ്ജമാണ്. നഷ്ടപ്പെട്ട പോളിടെക്നിക് സർട്ടിഫിക്കറ്റുകൾ ഏതാനും ദിവസത്തിനകം നൽകാൻ സാങ്കേതികവിദ്യാഭ്യാസ വകുപ്പും നടപടി കൈക്കൊള്ളുന്നുണ്ട്. പാഠപുസ്തകവും ലാപ്‌ടോപ്പ് അടക്കമുള്ള ഡിജിറ്റൽ പഠനസാമഗ്രികളും നഷ്ടപ്പെട്ടവർക്ക് അവ നൽകാൻ സംവിധാനമുണ്ടാക്കും. ഈ പ്രവർത്തങ്ങൾ കോളേജ് വിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഏകോപിപ്പിക്കും. ദുരന്തത്തിന് ഇരയായ കോളേജ് വിദ്യാർത്ഥികൾക്കെല്ലാം മൊബൈൽ ഫോണുകൾ എൻ.എസ്.എസ് മുഖേന നൽകും. ദുരിതബാധിതർക്കായി 150 വീടുകൾ പണിതു നൽകാൻ എൻഎസ്എസ് തീരുമാനിച്ചിരുന്നു. ഈ വീടുകളുടെ വയറിംഗ് ജോലികൾ സൗജന്യമായി ചെയ്തു നൽകാമെന്ന് ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസർ ആൻഡ് കോൺട്രാക്ടേഴ്സ് ഏകോപനസമിതി സമ്മതപത്രത്തിലൂടെ അറിയിച്ചതായും മന്ത്രി പറഞ്ഞു.