മോസ്കോ: റഷ്യയിലെ പടിഞ്ഞാറൻ കുർസ്‌ക് മേഖലയിൽ യുക്രെയിൻ സൈന്യത്തിന്റെ ശക്തമായ കടന്നാക്രമണം. മേഖലയിൽ റഷ്യൻ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് യുക്രെയിൻ സൈനികർ സുമി ഒബ്ലാസ്റ്റിൽ നിന്ന് അതിർത്തി കടന്ന് കുർസ്കിൽ ആക്രമണം തുടങ്ങിയത്. റഷ്യയ്ക്കുള്ളിലെ പത്ത് കിലോമീറ്റർ മേഖലയിൽ ഇരുസൈന്യവും ഏറ്റുമുട്ടൽ തുടരുകയാണ്. ഇവിടെ 945 യുക്രെയിൻ സൈനികരെ വധിച്ചെന്ന് റഷ്യ അവകാശപ്പെട്ടു. ലിപെസ്ക് നഗരത്തിലെ റഷ്യൻ എയർബേസിന് നേരെ ഡ്രോൺ ആക്രമണവുമുണ്ടായി. ഇതിനിടെ, കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിലെ ഒരു സൂപ്പർ മാർക്കറ്റിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നേതൃത്വത്തിൽ ഇന്നലെ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നിരുന്നു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ആക്രമണമുണ്ടായ ശേഷം യുദ്ധമേഖലയിൽ യുക്രെയിൻ സൈന്യം നടത്തുന്ന വലിയ മുന്നേറ്റങ്ങളിലൊന്നാണിത്.