sreejesh

പാരീസ് : ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി.ആർ ശ്രീജേഷിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതങ്ങളിലൊന്നായിരുന്നു ഇന്നലത്തേത്. തന്റെ രണ്ടാമത്തെ ഒളിമ്പിക് വെങ്കലമെഡലും ചേർത്തുപിടിച്ച് കിടന്നാണ് ഒളിമ്പിക് വില്ലേജിൽ ശ്രീജേഷ് ഉറങ്ങിയത്. രാവിലെ ഉണർന്നപ്പോൾ ആ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രീ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്പെയ്നിനെതിരായ മത്സരത്തിൽ വിജയിച്ച് വെങ്കലം നേടിയ ശ്രീജേഷ് ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചിരുന്നു. ഇനി ജൂനിയർ ടീമിന്റെ കോച്ചായി ചുമതലേയൽക്കുമെന്നാണ് റിപ്പോർട്ടുകൾ. നാളെ നടക്കുന്ന ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിൽ മനു ഭാക്കറിനാെപ്പം ഇന്ത്യയുടെ പതാകയേന്തുന്നത് ശ്രീജേഷാണ്.

കായിക മികവ് പരിഗണിച്ച് പൊതു വിദ്യാഭ്യാസവകുപ്പിൽ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിന് ഐ.എ.എസ് കൺഫർ ചെയ്ത് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.