crime
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജയിലില്‍ നിന്നിറങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോള്‍ കൊലക്കേസ് പ്രതിക്ക് നേരെ വധശ്രമം.തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം പൗഡിക്കോണത്താണ് സംഭവം. കുറ്റിയാണി സ്വദേശി 'വെട്ടുകത്തി ജോയ്' എന്നറിയപ്പെടുന്ന ജോയിക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനില്‍ വെച്ച് ജോയിക്ക് നേരെ ആക്രമണം നടന്നത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോയ്.

ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ജോയിയെ കാറില്‍ അക്രമി സംഘം പിന്തുടരുകയായിരുന്നു. കാപ്പ കേസില്‍ ജയിലിലായിരുന്ന ജോയ് രണ്ട് ദിവസം മുമ്പ് മാത്രമാണ് ജയില്‍മോചിതനായി പുറത്തിറങ്ങിയത്. ആക്രമണത്തില്‍ ഇയാളുടെ രണ്ട് കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജോയിയെ ആക്രമിച്ച സംഘത്തെക്കുറിച്ച് വിവരം ലഭിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാത കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് വെട്ടേറ്റ ജോയ്.