തിരുവല്ല : നടൻ മോഹൻലാൽ വയനാട്ടിൽ പോയത് തെറ്റായിപ്പോയെന്നതിൽ ഉറച്ചുനിൽക്കുന്നെന്ന് യൂട്യൂബർ അജു അലക്സ്. മോഹൻലാലിനെപ്പറ്റി താൻ മാത്രമല്ല കേരളത്തിലെ ഒരുപാട് പേർ ഇക്കാര്യങ്ങൾ പറയുന്നുണ്ടെന്നും പക്ഷേ താൻ ഉപയോഗിച്ച വാക്കുകൾ ശരിയായില്ലെന്നും അജു വ്യക്തമാക്കി. മോഹൻലാലിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇയാൾ തന്റെ നിലപാട് വ്യക്തമാക്കിയത്.
'കസ്റ്റഡിയിലെടുത്തു എന്നല്ല. എന്നെ അന്ന് പൊലീസ് വിളിച്ച് നാളെ രാവിലെ സ്റ്റേഷനിൽ ചെല്ലണമെന്ന് പറഞ്ഞു. പക്ഷേ വൈകീട്ട് ഞാൻ ഒളിവിലാണെന്ന് പറഞ്ഞു വാർത്തവന്നു. പിറ്റേന്ന്, അതായത് ഇന്നലെ രാവിലെ എട്ട് മണിയായപ്പോൾ സ്‌റ്റേഷനിലെത്തി. അവർ കസ്റ്റഡിയിൽവച്ചു. ഈ അഴി കാണിക്കുന്ന ഫോട്ടോ വരുമ്പോൾ ജയിലിലൊക്കെ കിടന്നുവെന്ന് കരുതും. ഞാൻ അതിനകത്തെ കമ്പി പിടിക്കുക കൂടി ചെയ്തിട്ടുണ്ടെങ്കിൽ കുറച്ച് ഭംഗിയായേനെ. അതിനിടയ്ക്ക് മെഡിക്കലും മൊഴിയുമൊക്കെ എടുത്തു. പിന്നെ റൂമിൽ പോയി ട്രൈപോഡൊക്കെ അവർ എടുത്ത് കൊണ്ടുപോകുന്നുണ്ട്. വൈകിട്ട് സ്‌റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടു.
മോഹൻലാലിനെപ്പറ്റി ഞാൻ മാത്രമല്ല കേരളത്തിലെ ഒരുപാട് പേർ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. പക്ഷേ ഞാൻ ഉപയോഗിച്ച വാക്കുകൾ ശരിയായില്ല. മോഹൻലാൽ അവിടെ പോകാൻ പാടില്ല. പോയാലും മിലിട്ടറിയുടെ അത്രയും സമയം പാഴാക്കാൻ പാടില്ല. ജീവൻ രക്ഷിക്കുന്ന ഒരു പ്രവർത്തനത്തിനിടയിൽ ഒരുപാട് സമയം, അത്രയും പേർ വട്ടം കൂടി നിൽക്കുകയാണ്. ഒരിക്കലും ഒരു കേണലോ മേജറോ ഇവിടെ വന്നുകഴിഞ്ഞാൽ ഇത്രയും പേർ കൂടത്തില്ല. സെലിബ്രിറ്റി ആയതുകൊണ്ടാണ് അത്രയും പട്ടാളക്കാർ ചുറ്റും കൂടുകയും, സെൽഫിയെടുക്കുകയും, ഫോട്ടോയെടുക്കുകയുമൊക്കെ ചെയ്തത്. എടുത്ത ഒരു ഫോട്ടോ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റും ചെയ്തിട്ടുണ്ട്.'- അജു പറഞ്ഞു.
വയനാട്ടിലെ ദുരന്ത ഭൂമിയിലെത്തിയ മോഹൻലാലിനെ അധിക്ഷേപിച്ച് ‘ചെകുത്താൻ’ എന്ന യൂട്യൂബ് അക്കൗണ്ടിലൂടെ ഇയാൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവിയുള്ള മോഹൻലാൽ പട്ടാള യൂണിഫോമിൽ ദുരന്തസ്ഥലം സന്ദർശിച്ചതിനെയാണ് അപകീർത്തിപ്പെടുത്തി വിമർശിച്ചത്. തുടർന്ന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.