surya

ഊട്ടി: സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഊട്ടിയിൽ വച്ചായിരുന്നു അപകടം. താരത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഈ സാഹചര്യത്തിൽ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.


സൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ടെന്നും നിർമാതാവ് രാജശേഖരൻ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സിനിമയ്ക്ക് പേരിട്ടിട്ടില്ല. 'സൂര്യ 44' എന്ന് വിളിക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആന്തമാൻ നിക്കോബാറിലായിരുന്നു നടന്നത്. ഇതിന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് ഊട്ടിയിൽ നടക്കുന്നത്. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തിൽ ജയറാം, ജോജു എന്നിവരും പ്രധാനവേഷം അവതരിപ്പിക്കുന്നു.