കൊച്ചി: മക്കളെപ്പോലെയാണ് വിജയ് കുമാർ സിംഗിന് പശുക്കൾ. 'എന്റെ നിയോഗമായിരിക്കാം. അല്ലെങ്കിൽ കേരളത്തിൽ വരാനും എറണാകുളത്തപ്പന്റെ പശുക്കളുടെ പരിപാലനച്ചുമതല ലഭിക്കാനും മറ്റെന്താണ് കാരണം..." എന്നാണ് ബീഹാർ സ്വദേശിയായ വിജയ് കുമാർ പറയുന്നത്.
ഉത്തര ബീഹാർ കൃഷ്ണഗജ്ജിലെ കർഷക കുടുംബാംഗമാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഗോപാലകനായ വിജയ് കുമാർ സിംഗ് (28). മൂന്നു വർഷം മുമ്പാണ് കേരളത്തിലെത്തിയത്. വിവിധയിടങ്ങളിൽ ജോലി ചെയ്തു. ആലുവയിലെ ഫാമിൽ ജോലി കിട്ടിയതോടെ പശുപരിപാലനം ഇഷ്ടമായി. ഫാമുടമയാണ് ശിവക്ഷേത്ര ഗോശാലയിലെ ജോലിയെക്കുറിച്ച് പറഞ്ഞത്. ദേവസ്വം പൂർണമനസോടെ ആ ചുമതല ഏൽപ്പിച്ചു. ഒന്നരമാസം മുമ്പ് കൊച്ചിൻ ദേവസ്വംബോർഡിലെ ആദ്യ അന്യസംസ്ഥാന ഗോപാലകനായി.
രണ്ടു പശുക്കളും അഞ്ചു കിടാങ്ങളുമാണ് ഗോശാലയിലുള്ളത്. ലക്ഷ്മി, ശിവ എന്നെല്ലാമാണ് പേരുകൾ. പുലർച്ചെ നാലിന് നടതുറക്കുംമുമ്പ് തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിക്കും. തീറ്റയും വെള്ളവും നൽകും. കറവയും വിജയ്‌കുമാർ തന്നെ. പാൽ കുപ്പികളിലാക്കി രാവിലെയും വൈകിട്ടും സൈക്കിളിൽ ക്ഷേത്രത്തിന് സമീപത്തെ വീടുകളിൽ എത്തിക്കും. ഗോശാലയുടെ സമീപത്തെ മുറിയിലാണ് താമസം.
ഭക്ഷണം ക്ഷേത്രത്തിൽ നിന്നു തന്നെ. 20,000 രൂപയാണ് ശമ്പളം. 15,000 രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് നൽകണം. ബാക്കിയേ കൈയിൽ വാങ്ങൂ. മലയാളികൾ നന്മയുള്ളവരാണെന്നാണ് അഭിപ്രായം. കേരള വിഭവങ്ങൾക്കും നൂറുമാർക്ക്. ബീഹാറി വിഭവങ്ങൾ കഴിച്ചിട്ട് നാളേറെയായെങ്കിലും പരിഭവമില്ല. മനിലയാണ് ഭാര്യ. ഒരു മകളുണ്ട്.
''ഗോശാലയുടെ പരിപാലനത്തിൽ ഒരു വീഴ്ചയും വിജയ്‌കുമാർ വരുത്തിയിട്ടില്ല. എല്ലാവരോടും സ്നേഹമാണ് .
-അഖിൽ ദാമോദരൻ
ദേവസ്വം ഓഫീസർ