കുട്ടികളുടെ ചില സംശയങ്ങളോ അല്ലെങ്കിൽ നമ്മുടെ ചോദ്യത്തിന് അവർ നൽകുന്ന മറുപടികളുമൊക്കെ രക്ഷിതാക്കളെയോ അദ്ധ്യാപകരെയോ ഒക്കെ അമ്പരപ്പിക്കാറുണ്ട്. നാല് വയസ് മുതൽ സ്‌കൂളാണ് അവരുടെ ലോകം. കളിക്കൂട്ടുകാരും, അദ്ധ്യാപകരുമൊക്കെയിട്ടായിരിക്കും അവർ കൂടുതൽ ഇടപഴകുക. ഈ സമയങ്ങളിൽ തന്റെ വിദ്യാർത്ഥികളോട് നന്നായി പഠിക്കണമെന്നും മിടുക്കരാകണമെന്നും പറയാത്ത അദ്ധ്യാപകർ ഉണ്ടാകില്ല.
എന്നാൽ ഇത്തരത്തിൽ പഠനം ഗൗരവമായെടുക്കണമെന്ന് ഉപദേശിച്ച ബീഹാറിലെ ഒരു അദ്ധ്യാപികയ്ക്ക് കൊച്ചുപെൺകുട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥിയുടെ മറുപടി കേട്ട അദ്ധ്യാപിക മാത്രമല്ല, സമൂഹമാദ്ധ്യമങ്ങൾ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്.
ഏകദേശം 450 കോടി ഓളം വർഷങ്ങൾക്ക് മുമ്പാണ് ഈ ലോകം ഉണ്ടായത് എന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടി സംസാരം ആരംഭിക്കുന്നത്. തുടർന്ന് ഈ പ്രപഞ്ചം പോലെ നമുക്കറിയാത്ത മറ്റൊരു പ്രപഞ്ചമുണ്ടെന്നുമൊക്കെ പറയുന്നു. ഒടുവിൽ ഇന്ത്യയുടെ കാര്യം പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. 160 കോടി ജനങ്ങളുള്ള ഇന്ത്യയിൽ, അവരിൽ ഒരാൾ മാത്രമാണ് ഞാൻ. അതിൽ എന്നെത്തന്നെ എത്ര ഗൗരവമായിട്ടാണ് എടുക്കേണ്ടത്. എന്റെ നിലനിൽപിന് എന്ത് സംഭവിക്കുമെന്നൊക്കെയാണ് വിദ്യാർത്ഥിനി പറയുന്നത്.
വളരെ ക്യൂട്ടായി, ഹിന്ദിയിൽ, ക്ലാസ് മുറിയിലെ ബെഞ്ചിൽ കിടന്നുകൊണ്ടാണ് പെൺകുട്ടി സംസാരിക്കുന്നത്. എക്‌സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്.