up

ലക്‌നൗ: ഒരു വർഷത്തിലേറെ നീണ്ട ശ്രമകരമായ അന്വേഷണം,​ വിവിധ സംഘങ്ങളായി തിരിഞ്ഞ് 150ഓളം ഇടങ്ങളിൽ നടത്തിയ തെരച്ചിൽ,​ 1.5 ലക്ഷം മൊബൈൽ ഫോൺ നമ്പറുകൾ,​ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം. ഒടുവിൽ മാസങ്ങളായി പിടിനൽകാതെ കബളിപ്പിച്ചുനടന്ന,​

ഉത്തർ പ്രദേശിനെ ഭീതിയിലാഴ്‌ത്തിയ സീരിയൽ കില്ലർ പിടിയിൽ. കുൽദീപ് കുമാർ ഗാംഗ്വാർ (38) എന്നയാളാണ് അറസ്റ്റിലായത്.

ഒമ്പത് സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇയാൾക്കായി മാസങ്ങളായി പൊലീസ് വല വിരിച്ചിരിക്കുകയായിരുന്നു. ഇയാൾ സ്ത്രീകളോട്

ലൈംഗികാതിക്രമം നടത്തുകയും എതിർത്ത സ്ത്രീകളെ കൊലപ്പെടുത്തി അവരുടെ സാരിയിൽ തന്നെ കരിമ്പിൻ തോട്ടത്തിൽ കെട്ടിത്തൂക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ഫോണുകളോ സമൂഹ മാദ്ധ്യമങ്ങളോ ഉപയോഗിച്ചിരുന്നില്ല.

കൊലപാതകങ്ങളുടെ രീതി, കെട്ടിടുന്ന ശൈലി, മറ്റ് തെളിവുകൾ എന്നിവയാണ് ഇയാളിലേക്കെത്തിച്ചത്.

ഇരകളുടെ വസ്തുക്കൾ

കൊല്ലപ്പെട്ട സ്ത്രീകളുടെ തിരിച്ചറിയൽ കാർഡുകൾ, ബിന്ദികൾ, ലിപ്സ്റ്റിക്കുകൾ തുടങ്ങിയവ ഇയാൾ സൂക്ഷിച്ചുവച്ചിരുന്നു. പ്രതിയെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ ബാല്യകാലം,​ പിതാവിന്റെ പുനർവിവാഹം, രണ്ടാനമ്മ അനുഭവിച്ച പീഡനം എന്നിവ പ്രതിയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

കൊലയാളിയുടെ പാറ്റേൺ മനസിലാക്കാൻ പോലീസ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുമായി കൂടിയാലോചിച്ചതായി പൊലീസ് പറഞ്ഞു.

ഒറ്റയ്ക്കള്ള സ്ത്രീകൾ

ഒറ്റയ്ക്ക് കണ്ടെത്തിയ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും അവരോട് ലൈംഗികാതിക്രമം നടത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സ്ത്രീകൾ എതിർത്താൽ അയാൾ അക്രമാസക്തനാകും. കഴുത്ത് ഞെരിച്ച് കൊല്ലും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വച്ച് കാണുന്ന സ്ത്രീകളായിരുന്നു ഇര.

"രണ്ടാനമ്മ എപ്പോഴും തല്ലുമായിരുന്നു, ഞാൻ അവളെ വെറുത്തു. ഞാൻ 2014 ൽ വിവാഹിതനായി. ഭാര്യ ഉപേക്ഷിച്ചു. സ്ത്രീകളെ വെറുത്തു, അതുകൊണ്ടാണ് അവരെ ഓരോന്നായി ഇല്ലാതാക്കാൻ തീരുമാനിച്ചത്, 'അദ്ദേഹം പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് പുറപ്പെടുമ്പോൾ, ആരും സമീപത്തില്ലെന്ന് ഉറപ്പാക്കും, ആരെങ്കിലും എന്നെ കണ്ടാൽ, അന്ന് കൊലപാതകം നടത്തില്ല. മരണം ഉറപ്പാക്കാനാണ് സാരി കഴുത്തിൽ മുറുക്കിയിരുന്നത് "- പ്രതി പറഞ്ഞു.

ആശങ്കയിലാഴ്‌ത്തിയ കൊലപാതകം

2023 ജൂണിനും 2024 ജൂലായ്ക്കും ഇടയിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ബറേലി ഷാഹി, ഷിഷ്‌ഗഡ് പോലീസ് സർക്കിളിന് കീഴിലായിരുന്നു കൊലപാതകങ്ങൾ. ‌

അതിർത്തി പങ്കിടുന്ന ഷാഹി, ഷീഷ്ഗഡ്, ഷെർഗഡ് മേഖലകളിൽ കഴിഞ്ഞ വർഷം 40-55 വയസ് പ്രായമുള്ള എട്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ കരിമ്പിൻ തോട്ടങ്ങളിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് കൊലപാതകങ്ങളും ജൂലായ്, ആഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ഓരോന്നും നവംബറിൽ രണ്ട് കൊലപാതകങ്ങളും നടന്നു. ഇതോടെ 300ഓളം അധിക പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. 14 സംഘങ്ങളായി തിരിഞ്ഞ് പട്രോളിംഗ് നടത്തുകയും അറിയപ്പെടുന്ന കുറ്റവാളികളെ നിരീക്ഷിക്കുകയും ചെയ്തു. പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ അറസ്റ്റിൽ. പിന്നീട് കൊലപാതകം നടക്കാത്തതുകൊണ്ട് നാട്ടുകാരും പൊലീസും ആശ്വാസത്തിൽ.

എന്നാൽ,​ കഴിഞ്ഞ ജൂലായ് മൂന്നിന് ഹോസ്പുർ ഗ്രാമത്തിലെ 45കാരിയായ അനിതാ ദേവിയുടെ മൃതദേഹം കരിമ്പിൻ തോട്ടത്തിൽ കണ്ടെത്തി. രണ്ടിന് ബാങ്കിൽ പോയ

അനിതയുടെ മൃതദേഹം സ്വന്തം സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയതോടെ വീണ്ടും ആശങ്ക പടർന്നു.