e

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ഡോക്ടറെ മാനഭംഗപ്പെടുത്തിക്കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. പ്രതിയായ സിവിക് പൊലീസ് വൊളന്റിയർ സ‍ഞ്ജയ് റോയിയാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡിൽ വിട്ടു. രോഗികളെ കാണിക്കാൻ ഇയാൾ ആശുപത്രിയിലെത്താറുണ്ടെന്ന് പൊലീസ് അറിയിച്ചു.

ക്രൂരമായ മാനഭംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്‌ച പുലർച്ചെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ എമർജൻസി കെട്ടിടത്തിന്റെ നാലാം നിലയിൽ മൃതദേഹം കണ്ടെത്തിയത്. 31കാരിയായ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. അർദ്ധന​ഗ്നയായ നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാ​ഗങ്ങളിലുൾപ്പെടെ മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൃത്യം നടന്നതെന്ന് പൊലീസ് അറിയിച്ചു.

യുവതിക്കൊപ്പം രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ച് ഡോക്ടർമാരെ പൊലീസ് ചോദ്യം ചെയ്തു. സിസിടിവി ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

വൻ പ്രതിഷേധം

കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആർ.ജി കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അത്യാഹിത വിഭാ​ഗത്തിൽ ഒഴികെ പണിമുടക്കി. വിദ്യാർത്ഥികൾ മെഴുകുതിരി മാർച്ച് നടത്തി. ബി.ജെ.പി ഉൾപ്പടെ വിവിധ രാഷ്ട്രീയ കക്ഷികൾ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നും സത്യം മറച്ചുവക്കാനുള്ള ശ്രമം നടക്കുന്നതായും പിതാവ് ആരോപിച്ചു.

വിശ്രമിക്കാൻ

പോയപ്പോൾ

ജൂനിയർ ഡോക്ടർമാരോടൊപ്പം പുലർച്ചെ രണ്ട് മണിക്ക് ഭക്ഷണം കഴിച്ച യുവതി, വിശ്രമിക്കാനാണ് സെമിനാർ ഹാളിലേക്ക് പോയതെന്ന് മറ്റൊരു ഡോക്ടർ വെളിപ്പെടുത്തി.

ക്രൂരമായ

കൊലപാതകം

ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണുകളിലും വായയിലും രക്തമുണ്ടായിരുന്നു. മുഖത്തും നഖങ്ങളിലും മുറിവുകൾ ഉണ്ട്. വയർ,ഇടതുകാൽ,കഴുത്ത്,വലതു കൈ,മോതിര വിരൽ,ചുണ്ട് എന്നീ ഭാ​ഗങ്ങളിൽ പരിക്കുണ്ട്. കഴുത്തിലെ എല്ല് ഒടിഞ്ഞ് ശ്വാസം മുട്ടിയാണ് മരണം .

തൂക്കിലേറ്റണം: മമത

കുറ്റവാളികളെ തൂക്കിലേറ്റണം. അന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകി. കേസ് അതിവേഗ കോടതി പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടു.