കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖിന്റെ പരാതിയിലായിരുന്നു നടപടി. ഇതിനുപിന്നാലെ മമ്മൂട്ടിക്കെതിരെ ഇതിലും ആയിരക്കണക്കിന് മടങ്ങ് അധിക്ഷേപമുണ്ടായെന്നും, എന്നാൽ അന്ന് സംഘടന മൗനമായിരിക്കുകയായിരുന്നുവെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ.
പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കിലൂടെയാണ് അരുൺ രംഗത്തെത്തിയത്. ഇതിനൊപ്പം തന്നെ യൂട്യൂബർ ഉപയോഗിച്ച വാക്കുകളോട് വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A ഭാരവാഹികളോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്താനാണ് ഈ കുറിപ്പ് ഇവിടെ ചേർക്കുന്നത്. സംഘടനയുടെ ജനറൽ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് യൂട്യൂബർ #ചെകുത്താൻ അജു അലക്സിതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു.A.M.M.Aയുടെ പ്രസിഡന്റ് #മോഹൻലാലിനെ അധിക്ഷേപിച്ചതിന്റെ പേരിലാണ് A.M.M.A നിയമ നടപടികൾ സ്വീകരിച്ചത് .
ചെകുത്താൻ ഉപയോഗിച്ച വാക്കുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടു തന്നെ A.M.M.A യോട് ചോദിക്കട്ടെ. നിങ്ങളുടെ സംഘടനയുടെ സ്ഥാപക നേതൃത്വത്തിന്റെ ഭാഗമായിരുന്ന ഇന്നും സംഘടനയുടെ സജീവാംഗമായ #മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യൽ മീഡിയയിൽ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. മതതീവ്രവാദിയായി വരെ ആ കലാകാരനെ ചില തൽപ്പരകക്ഷികൾ സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ, സിനിമയുടെ ഭാഗങ്ങൾ, ചിത്രങ്ങൾ എന്തു തന്നെ സോഷ്യൽ മീഡിയയിൽ വന്നാലും അതിനു താഴെ ബോധപൂർവ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കും വിധമുള്ള കമന്റുകൾ കാണാം. അത് ഇപ്പോഴും തുടരുന്നു...
തന്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവാംഗമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ്.
യൂട്യൂബർ ചെകുത്താനിൽ നിന്നും മോഹൻലാലിനുണ്ടായതിൽ നിന്നും ആയിരക്കണക്കിനു മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. #മമ്മൂട്ടിയെ മതത്തിന്റെ പേരു വരെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുമ്പോൾ A.M.M.A പുലർത്തിയ മൗനം സംശയകരവും പ്രതിഷേധാർഹവുമാണ്. ഈ ഘട്ടത്തിൽ അത് ശക്തമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്തുന്നു.