pic

ന്യൂയോർക്ക്: യൂട്യൂബ് മുൻ സി.ഇ.ഒ സൂസൻ വുചിറ്റ്‌സ്‌കി (56) അന്തരിച്ചു. ശ്വാസകോശ ക്യാൻസറിനെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. 2014 മുതൽ 2023 വരെ യൂട്യൂബിന്റെ സി.ഇ.ഒ ആയിരുന്നു. 1968 ജൂലായ് 5ന് കാലിഫോർണിയയിലായിരുന്നു പോളിഷ്, റഷ്യൻ വേരുകളുള്ള സൂസന്റെ ജനനം. 20 വർഷത്തിലേറെയായി ടെക്നോളജി മേഖലയിൽ പ്രവർത്തിച്ചു.

ആഗോള സെർച്ച് എൻജിൻ ഭീമനായ ഗൂഗിളിന്റെ രൂപീകരണത്തിൽ സൂസനും ഭാഗമാണ്. 1998ൽ ഗൂഗിളിന്റെ സ്ഥാപകരും കമ്പ്യൂട്ടർ ശാസ്ത്രജ്ഞരുമായ ലാറി പേജ്, സെർജി ബ്രിൻ എന്നിവർക്ക് സൂസൻ തന്റെ ഗാരേജ് ഓഫീസിനായി വാടകയ്ക്ക് കൊടുത്തു. 1999ൽ സൂസൻ ഗൂഗിളിന്റെ ആദ്യ മാർക്കറ്റിംഗ് മാനേജറായി. തുടർന്ന് കമ്പനിയുടെ ഓൺലൈൻ പരസ്യ വിഭാഗത്തെയും വീഡിയോ സർവീസിനെയും നയിച്ചു.

കമ്പനിയുടെ വരുമാനത്തെ ശക്തിപ്പെടുത്തുന്നതിന് ഒട്ടനവധി പരിഷ്കാരങ്ങൾ നടത്തി. യൂട്യൂബ് ഹിറ്റായതോടെ അത് ഗൂഗിൾ വാങ്ങണമെന്ന നിർദ്ദേശം അവതരിപ്പിച്ചത് സൂസൻ ആയിരുന്നു. 2006ൽ 1.65 ബില്യൺ ഡോളറിനാണ് ഗൂഗിൾ യൂട്യൂബിനെ സ്വന്തമാക്കിയത്. ഗൂഗിളിൽ എത്തുന്നതിന് മുമ്പ് സൂസൻ ഇന്റലിൽ മാർക്കറ്റിംഗ് വിഭാഗത്തിലും ജോലി ചെയ്തു.

ഫോബ്സ്,​ ടൈം അടക്കം വിവിധ മാദ്ധ്യമങ്ങൾ പുറത്തുവിട്ട ശക്തരായ വനിതകളുടെ പട്ടികയിൽ സൂസനും ഇടംനേടി. യൂട്യൂബ് ഷോർട്‌സ് അടക്കം സൂസൻ നടപ്പാക്കിയ ആശയങ്ങൾ യൂട്യൂബിന് ആഗോളതലത്തിൽ വൻ സ്വീകാര്യത നേടിക്കൊടുത്തു.

സൂസന്റെ മരണത്തിൽ ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ അടക്കം അനുശോചനം രേഖപ്പെടുത്തി. ഡെന്നിസ് ട്രോപ്പർ ആണ് സൂസന്റെ ഭർത്താവ്. പരേതനായ മാർകോ അടക്കം അഞ്ച് മക്കളാണ് സൂസൻ - ഡെന്നിസ് ദമ്പതികൾക്ക്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മാർകോയുടെ മരണം.