മലയാളത്തിന്റെ പതിവ് ക്ലീഷേകളെല്ലാം മാറ്റിനിർത്തി ഒരു സിനിമ. അതാണ് ശ്രീജിത്ത് ഇടവന സംവിധാനം ചെയ്ത സിക്കാഡ. സാധാരണ വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ജെയിസ് ജോസിന്റെ സിനിമയിലെ തന്ത്രപ്രധാനമായ കഥാപാത്രവും, പ്രകൃതിയെ പ്രധാനഘടകമാക്കിയുള്ള കഥയുടെ ഒഴുക്കും, അസാമാന്യ കഴിവില്ലാത്ത സാധാരണക്കാരനായ നായക കഥാപാത്രവും സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണവുമെല്ലാം സിക്കാഡയെ വ്യത്യസ്തമാക്കുന്നു.
കാണികളിൽ അസാധാരണമായ ഭയം ജനിപ്പിക്കുന്ന ഒരു കാടും അതിനുള്ളിലെ വേട്ട മൃഗങ്ങളെയും ഇടയിൽ വന്നു പെട്ടുപോയ നായകന്റെ യാത്രയുമാണ് സിക്കാഡ. തുടക്കം മുതൽ ഒടുക്കം വരെ സസ്പെൻസും ത്രില്ലും ട്വിസ്റ്റും കരുതിവെച്ച ചിത്രത്തിന്റെ ഓഡിയോഗ്രഫിയും ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. മഞ്ഞുമ്മൽ ബോയ്സ്, ചുരുളി, അജഗജാന്തരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സൗണ്ട് വർക്ക് ചെയ്ത ഫസൽ എ ബക്കറാണ് സിക്കാഡയുടെ ഓഡിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നത്. ഭയത്തെയും കാടൊളിപ്പിച്ച നിഗൂഢതകളെയും ത്രില്ല് ചോരാതെ കാണികളിൽ എത്തിക്കാൻ നവീൻ രാജിന്റെ ക്യാമറ വർക്കും വളരെയധികം സഹായിച്ചിട്ടുണ്ട്.
പ്രേക്ഷകരെ വല്ലാതെ സിനിമയോടടുപ്പിക്കുന്ന മറ്റൊരു കാര്യം ചിത്രത്തിലെ സംഗീതമാണ്. സംവിധായകൻ ശ്രീജിത്ത് ഇടവന തന്നെയാണ് ചിത്രത്തിന്റെ മലയാളം ഉൾപ്പെടെ പുറത്തിറങ്ങുന്ന നാലു ഭാഷകളിലെയും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നായകനൊപ്പം തന്നെ പ്രേക്ഷകനെയും പേടിപ്പിക്കാനും സസ്പെൻസ് നൽകി ത്രസിപ്പിക്കാനും ശ്രീജിത്ത് നൽകിയ ബാഗ്രൗണ്ട് സ്കോറും കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്. നായകനായി തിരിച്ചു വരവ് നടത്തുന്ന രജത് മേനോനും നന്നായി.
പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ കൈകാര്യം ചെയ്തിരിക്കുന്നത് പുതുമുഖങ്ങൾ ആണ്. നായിക ഗായത്രിമയൂരയുടേതടക്കമുള്ള സ്ത്രീ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നവയായിരുന്നു. കാടിനെയും വന്യമൃഗങ്ങളെയും ഉൾപ്പെടുത്തിയുള്ള കഥ പറച്ചിലും അപ്രതീക്ഷിത ട്വിസ്റ്റുകളും കഥാന്ത്യത്തിലെ വല്ലാത്ത സസ്പെൻസും സിനിമയുടെ പോസിറ്റീവ് ആണ്. തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്.